നികുതി വെട്ടിപ്പ്; സെറ്റില്‍ വച്ച് താരങ്ങളുടെ കാരവാനുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ എത്തിച്ച കാരവാനുകള്‍ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. നികുതി വെട്ടിപ്പ് നടത്തിയ മൂന്ന് കാരവാനുകളാണ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയ തെന്നിന്ത്യന്‍ നടിയ്ക്കും മലയാളത്തിലെ ഒരു യുവതാരത്തിനും വിശ്രമിക്കാന്‍ എത്തിച്ച കാരവനുകളാണ് വാഹനവകുപ്പ് കസ്റ്റഡിയിലെത്തിച്ചത്.

19 സീറ്റുകളുള്ള വാഹനം രൂപമാറ്റം വരുത്തി കാരവനാക്കി ഉപയോഗിക്കുകയായിരുന്നു. രണ്ടു വര്‍ഷമായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് ഒന്നര ലക്ഷം രൂപയാണ് പിഴ ഈടാക്കിയിട്ടുള്ളത്. മറ്റ് രണ്ട് വാഹനങ്ങള്‍ ഇതരസംസ്ഥാന രജിസ്ട്രേഷനുള്ള സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയതാണ് കേസ്. പിഴയായി 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

നേരത്തെ സിനിമാ താരങ്ങള്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ സംഭവം ഏറെ വിവാദമാ യിരുന്നു. പിന്നീടാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കുകയായിരുന്നു. എറണാകുളം ആര്‍.ടി.ഒ. ജോജി പി. ജോസ്, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. മനോജ് കുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്.

Top