ഹൈദരാബാദ് : മുപ്പതു നിത്യോപയോഗ സാധനങ്ങള്‍ക്കു ചരക്ക്, സേവന നികുതി (ജിഎസ്ടി) കുറച്ചു.
ദോശ, ഇഡ്ഡലി മാവ്, പിണ്ണാക്ക്, റബര്‍ ബാന്‍ഡ് തുടങ്ങിയവയ്ക്കു നികുതി കുറയ്ക്കാന്‍ ഹൈദരാബാദില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ചെറിയ കാറുകളെയും ഹൈബ്രിഡ് കാറുകളെയും സെസ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കി.
കൂടാതെ വലിയ കാറുകളുടെ സെസില്‍ അമിതമായ വര്‍ധനവ് വരുത്താതെയും ചെറിയ കാറുകള്‍ക്കു പരിമിത വര്‍ധനവ് വരുത്തിയും വാഹന വ്യവസായ മേഖലയുടെ ആശങ്കയും ഒഴിവാക്കി.
20 ലക്ഷം വരെ വരുമാനമുള്ള കൈത്തൊഴിലാളികളെയും, കെവിഐസി സ്റ്റോര്‍ വഴി വില്‍ക്കുന്ന ഖാദി വസ്ത്രങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കി.
മേയ് 15നു മുമ്പ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ഭക്ഷ്യ ബ്രാന്‍ഡുകള്‍ക്കു മാത്രം ജിഎസ്ടിയില്‍ നിന്ന് ഇളവു നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു.
ബ്രാന്‍ഡഡ് നാമത്തില്‍ വില്‍ക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കേ ജിഎസ്ടിയില്‍ നികുതിയുള്ളൂ എന്നതിനാല്‍ ബ്രാന്‍ഡുകള്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു തടയുവാന്‍ സാധിക്കും.
മേയ് 15നു ശേഷം റജിസ്‌ട്രേഷന്‍ റദ്ദാക്കിയാലും ജിഎസ്ടി പ്രകാരമുള്ള അഞ്ചു ശതമാനം നികുതി നല്‍കേണ്ടിവരുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.