ആരാധികയുടെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് തന്റെ സംഗീതപരിപാടി നീട്ടിവച്ച ടെയ്ലര്‍ സ്വിഫ്റ്റ് ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും വേദിയിലേക്ക്. ദിവസങ്ങള്‍ക്കു മുന്‍പാണ് അന്ന ക്ലാര ബെനവിഡിസ് എന്ന ഗായിക മരണപ്പെട്ടത്. ടെയ്ലറിന്റെ സംഗീതപരിപാടി കാണാനെത്തി സദസ്സിലെ ചൂടില്‍ തളര്‍ന്നു വീണ് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. ഇത് ടെയ്ലറിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. പിന്നാലെ ഗായിക സംഗീതപരിപാടി മാറ്റിവയ്ക്കുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.
ബ്രസീലിലെ വേദിയില്‍ നടത്താനിരുന്ന പരിപാടിയാണ് ടെയ്‌ലര്‍ നീട്ടിവച്ചത്. പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് ആരാധികയുടെ അപ്രതീക്ഷിത വേര്‍പാട് ഉണ്ടായത്. അന്നയ്ക്കു വേണ്ടി കണ്ണീരോടെ ആദരഗീതം ആലപിച്ചാണ് ടെയ്ലര്‍ വീണ്ടും വേദിയിലെത്തിയത്. ആരാധികയുടെ മരണം തന്റെ ഹൃദയത്തെ തകര്‍ത്തു കളഞ്ഞെന്നും ദുഃഖം താങ്ങാന്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ ദിവസം ടെയ്ലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ആരാധികയോടുള്ള ടെയ്ലറിന്റെ അതിരറ്റ സ്‌നേഹം കണ്ട് സ്‌നേഹിതരും വികാരാധീനരാവുകയാണ്.
ആരാധകരോട് എല്ലായ്‌പ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്ന ഗായികയാണ് ടെയ്ലര്‍ സ്വിഫ്റ്റ്. ഇടയ്ക്കിടെ അവര്‍ക്കു സര്‍പ്രൈസുകളും നല്‍കാറുണ്ട്. കോവിഡ് കാലത്ത് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആരാധികയ്ക്ക് ടെയ്ലര്‍ പിറന്നാള്‍ സമ്മാനങ്ങള്‍ അയച്ചുകൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. ആതുരസേവനത്തിലേര്‍പ്പെട്ടിരിക്കുന്ന വിറ്റ്‌നി ഹില്‍ട്ടണ്‍ എന്ന യുവതിക്കാണ് മുപ്പതാം ജന്മദിനത്തില്‍ ഗായിക സമ്മാനങ്ങള്‍ അയച്ചു നല്‍കിയത്. സമ്മാനങ്ങള്‍ക്കൊപ്പം ടെയ്ലര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തും ഉണ്ടായിരുന്നു.