ചെന്നൈ: തങ്ങള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് അണ്ണാ ഡിഎംകെ വിമതനേതാവ് ടി.ടി.വി.ദിനകരന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും അധിക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിന് ദിനകരനും സംഘത്തിനുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ദിനകരന്റെ അനുയായിയായ മുന്‍ എംഎല്‍എ വെങ്കടാചലം ഉള്‍പ്പെടെ പത്തു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെ.പളനിസ്വാമി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ യോഗഹാളിനു പുറത്ത് ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും ഇതില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു കേസ്.
നേതാവിനെതിരായ നീക്കത്തെ നിയമപരമായി നേരിടുമെന്നും അറസ്റ്റ് ചെയ്യപ്പെട്ടാലും ജാമ്യത്തിനു ശ്രമിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഇപിഎസ്-ഒപിഎസ് ഭരണത്തെ പാക്ക് ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ദിനകരനെ കുഴപ്പത്തിലാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അധിക സമയം ജോലിയെടുക്കുകയാണെന്നും എംഎല്‍എമാരായ പി.വെട്രിവേലും തങ്ക തമിഴ്‌ശെല്‍വനും ആരോപിച്ചു.