തിരുവനന്തപുരം: ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കി തേയില വില കൂപ്പുകുത്തുന്നു. 30 രൂപ വിലയുണ്ടായിരുന്ന പച്ചക്കൊളുന്തിന് ഇപ്പോള്‍ വില 10 രൂപയിലെത്തി. ഇതോടെ ഈ സീസണില്‍ വലിയ നഷ്ടം നേരിടുമെന്ന ഭീതിയിലാണ് ജില്ലയിലെ നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തേയില ഉല്‍പാദനത്തില്‍ കുറവുണ്ടായി. ഇതോടെയാണ് തേയില ഇറക്കുമതി ചെയ്തു തുടങ്ങിയത്. ഇറക്കുമതി വര്‍ധിച്ചതോടെ തേയില കൊളുന്തിന്റെ വില ഇടിഞ്ഞു. നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്. വില കുറഞ്ഞതിനു പിന്നാലെ വളം ഉള്‍പ്പെടെയുള്ളവയുടെ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായി.
ശ്രീലങ്ക, കെനിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് തേയിലപൊടി ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ കാലാവസ്ഥ അനുകൂലം ആയതോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തേയിലയുടെ ഉത്പാദനം വീണ്ടും വര്‍ധിച്ചിട്ടുണ്ട്. എന്നിട്ടും ഇറക്കുമതി തുടരുന്നതിനാലാണ് ഇന്ത്യന്‍ തേയിലയ്ക്ക് വില വര്‍ധിക്കാത്തത്.
വിലയിലെ വ്യത്യാസം വന്‍കിട കമ്പനികളെ ബാധിക്കാറില്ല. പ്രതിസന്ധിയിലാക്കുന്നത് ചെറുകിട കര്‍ഷകര്‍ മാത്രമാണ്. പ്രശ്നത്തില്‍ അടിയന്തര നടപടി ഉണ്ടാകണം എന്നാണ് കര്‍ഷകരുടെ ആവശ്യം.