ദുബായ്: വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച ബ്രിട്ടീഷ് അധ്യാപകൻ അറസ്റ്റിൽ. സ്‌നാപ്ചാറ്റ് അക്കൗണ്ടിലൂടെയാണ് ഇയാൾ വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചത്. ദുബായ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ വര്‍ഷമാണ് അധ്യാപകൻ അയാളുടെ അശ്ലീല ചിത്രങ്ങള്‍ വിദ്യാര്‍ഥിനിക്ക് അയച്ചത്. എന്നാല്‍ അധ്യാപകന്‍ ഉപദ്രവിക്കുമെന്ന ഭയത്താല്‍ പരാതി നല്‍കാതിരുന്ന വിദ്യാര്‍ഥിനി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാന്‍ ദുബായ് വിടാനൊരുങ്ങിയ 39കാരനായ അധ്യാപകനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി അശ്ലീല ചിത്രം അയക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് അധ്യാപകനെതിരേ പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. താന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌നാപ്ചാറ്റ് അക്കൗണ്ടില്‍ തന്നെ കൂടി ചേര്‍ക്കണമെന്ന് അധ്യാപകന്‍ നിര്‍ബന്ധിച്ചത് പ്രകാരം താന്‍ അദ്ദേഹത്തെ ആഡ് ചെയ്തതായും അതിനു ശേഷം അദ്ദേഹം അതുവഴി അശ്ലീല ചിത്രങ്ങള്‍ അയച്ചതായും ഇപ്പോള്‍ 19 വയസ്സുള്ള വിദ്യാര്‍ഥി പറഞ്ഞു. പരാതി നല്‍കിയാല്‍ തന്റെ മാര്‍ക്ക് കുറയ്ക്കുകയും തന്നെ ഉപദ്രവിക്കുകയും ചെയ്യുമെന്ന് ഭയന്ന് അന്ന് പരാതി നല്‍കിയില്ല. ഇപ്പോള്‍ സ്‌കൂള്‍ വിട്ട ശേഷം പരാതി നല്‍കിയപ്പോള്‍ തന്നെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി പൊസിനോട് പറഞ്ഞു