ചെന്നൈ: ക്ലാസില്‍ ശ്രദ്ധിക്കാത്തതിന് നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കാലില്‍ കര്‍പ്പൂരം വെച്ച് കത്തിച്ച അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വില്ലപുരം ജില്ലയിലെ സ്‌കൂള്‍ അധ്യാപിക വൈജന്തിമാലയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാലാം ക്ലാസില്‍ പഠിക്കുന്ന 15 കുട്ടികളാണ് അധ്യാപികയുടെ പ്രാകൃത ശിക്ഷയ്ക്ക് ഇരകളായത്. കാല്‍ പൊള്ളിയപ്പോള്‍ കരഞ്ഞ കുട്ടികളോട് ഇക്കാര്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് അധ്യാപിക ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ ജൂണ്‍ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കര്‍പ്പൂരം കത്തിച്ചത് മൂലം കാല്‍പ്പൊള്ളിയ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിന് മുമ്പില്‍ പ്രതിഷേധവുമായി എത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
ജുവൈനല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഡിഎസ്പി നരേന്ദ്ര കുമാര്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപികയേയും സ്‌കൂള്‍ പ്രധാനധ്യാപകനേയും സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു.