അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമായി ശാരീരികബന്ധം; അധ്യാപിക പിടിയിൽ

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. മിസൗരിയിലെ പുലാസ്‌കി കൗണ്ടിയിലെ ലാഖ്വേ ഹൈസ്‌കൂളില്‍ ഗണിതാധ്യാപികയായിരുന്ന ഹൈലി ക്ലിഫ്ടണ്‍ ക്ലാര്‍മാക്കിനെയാണ് പോലീസ് പിടികൂടിയത്. പതിനാറുകാരനായ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

അധ്യാപികയും 16-കാരനായ വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സ്‌കൂളിലെ ഒരു വിദ്യാര്‍ഥി തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള ചില ചാറ്റുകള്‍ കണ്ടെടുക്കുകയുംചെയ്തു. വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതിന്റെ തെളിവുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അധ്യാപികയെ ടെക്‌സസില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ മിസൗരിയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സ്‌കൂളില്‍വെച്ച് പലതവണ 16-കാരനുമായി അധ്യാപിക ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും സ്‌കൂളില്‍വെച്ച് ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ മറ്റുള്ളവരെ നിരീക്ഷിക്കാനായി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നതായും മൊഴികളുണ്ട്. ലൈംഗികാതിക്രമത്തിനിരയായ 16-കാരന്‍ ഒരിക്കല്‍ തന്റെ ശരീരത്തില്‍ പോറലേറ്റതിന്റെ ചിത്രങ്ങള്‍ സഹപാഠികളെ കാണിച്ചിരുന്നു. അധ്യാപികയുമായുള്ള ബന്ധത്തിനിടെയാണ് ഇത് സംഭവിച്ചതെന്നായിരുന്നു 16-കാരന്‍ വെളിപ്പെടുത്തിയിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ അധ്യാപികയുടെ ഫോണ്‍ പരിശോധിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ പോലീസ് വാറന്റ് നേടിയിരുന്നു. ഈ സമയത്തും യാതൊരു ഭാവവ്യത്യാസവുമില്ലാതെയായിരുന്നു അധ്യാപിക പെരുമാറിയത്. ഫോണ്‍ പോലീസിന് കൈമാറാനും വിസമ്മതിച്ചില്ല. എന്നാല്‍, അഭിഭാഷകന്റെ നിര്‍ദേശപ്രകാരം ഫോണിന്റെ പാസ് വേര്‍ഡ് കൈമാറാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള ചില ചാറ്റുകള്‍ കണ്ടെടുത്തത്.

അധ്യാപികയുമായുള്ള ബന്ധത്തെക്കുറിച്ച് 16-കാരന്റെ പിതാവിനും അറിവുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ടെക്‌സസിലേക്ക് പോകുന്നതിന് മുന്‍പ് അധ്യാപിക തന്റെ വീട്ടില്‍ വന്നിരുന്നതായാണ് പിതാവിന്റെ മൊഴി. കേസില്‍ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

Top