മലപ്പുറത്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

മലപ്പുറം: മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ എട്ട് പേരാണ് പ്രതികള്‍. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, വ്യാജരേഖ നിര്‍മിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

സ്‌കൂള്‍ മാനേജരുടെ നേതൃത്വത്തില്‍ കള്ളക്കേസുണ്ടാക്കിയും വ്യാജരേഖ നിര്‍മിച്ചും ജോലിയില്‍ നിന്ന് പിരിച്ചുവിട്ട അധ്യപകന്‍ ലോഡ്ജില്‍ തൂങ്ങി മരിക്കുകയായിരുന്നു. 2014 സെപ്തംബര്‍ രണ്ടിനാണ് അനീഷിനെ മലമ്പുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌കൂള്‍ മാനേജരായിരുന്ന സൈതലവിയാണ് ഒന്നാം പ്രതി. ജീവനക്കാരന്‍ കെ മുഹമ്മദ് അശ്റഫ്, ക്ലര്‍ക്ക് എം വി അബ്ദുര്‍റസാഖ്, പ്യൂണ്‍ ഒ എ അബ്ദുല്‍ ഹമീദ്, മുന്‍ ഡി ഡി ഇ. കെ സി ഗോപി, മുന്‍ പ്രധാനധ്യാപിക സുധ പി നായര്‍, മുന്‍ പി ടി എ പ്രസിഡന്റ് ഹൈദര്‍ കെ മൂന്നിയൂര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. എട്ടാം പ്രതി ഡോ. ഹസ്സന്‍ കോയ മരണപ്പെട്ടിരുന്നു.

 

Top