ചെന്നൈ: ചെന്നൈയില്‍ അധ്യാപികയെ യുവാവ് ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാണ് കൊലപാതകം നടത്തിയത്. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായ എസ് രമ്യയാണ് കൊല്ലപ്പെട്ടത്. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനായി വളരെ നേരത്തെതന്നെ ക്ലാസ് മുറിയിലെത്തിയിരുന്നു.അപ്പോള്‍ ക്ലാസ്സില്‍ കുട്ടികളാരും തന്നെ ഉണ്ടായിരുന്നില്ല. ഈ സമയമാണ് രാജശേഖര്‍ ഇവരെ ആക്രമിച്ചത്.
രാജശേഖറിന് കോളേജ് പഠനകാലം മുതല്‍ രമ്യയെ അറിയാം. ആറ് മാസം മുമ്പ് രമ്യയെ വിവാഹം ചെയ്ത് തരുമോ എന്ന് രമ്യയുടെ മാതാപിതാക്കളോട് രാജശേഖര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതാകാം പ്രതിയെ പ്രകോപിപ്പിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹോദരിയെ അറിയിച്ചിരുന്നതായി വിവരം കിട്ടിയെന്ന് പൊലീസ് അറിയിച്ചു.