ന്യൂഡൽഹി : രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗി മാപ്പപേക്ഷയുമായി രംഗത്ത്. താൻ തെറ്റു ചെയ്തെന്നും വർഗീയത ലക്ഷ്യമിട്ടിരുന്നില്ലെന്നും തൃപ്ത വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. കുട്ടി ഹോംവർക്ക് ചെയ്തിരുന്നില്ലെന്നും പഠനത്തിൽ ഉഴപ്പാതിരിക്കാനാണ് ശിക്ഷാനടപടി സ്വീകരിച്ചതെന്നും തൃപ്ത പറയുന്നു.
‘‘ഞാൻ തെറ്റു ചെയ്തു, എന്നാൽ അതിൽ വർഗീയലക്ഷ്യം ഉണ്ടായിരുന്നില്ല. ഭിന്നശേഷിക്കാരിയായതിനാൽ എഴുന്നേൽക്കാൻ കഴിയാത്തതുകൊണ്ടാണ് മറ്റൊരു കുട്ടിയോട് അവനെ അടിക്കാൻ ആവശ്യപ്പെട്ടത്. അത് അവൻ പഠിക്കാൻ വേണ്ടിയായിരുന്നു. തെറ്റുപറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. എന്റെ പ്രവൃത്തിയിൽ ഹിന്ദു- മുസ്‌ലിം വേർതിരിവ് ഇല്ലായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഡിയോ പ്രചരിപ്പിച്ചത്. പല മുസ്‌ലിം വിദ്യാർഥികൾക്കും സ്‌കൂളിൽ ഫീസ് നൽകാൻ സാഹചര്യമില്ലാത്തതിനാൽ അവരെ സൗജന്യമായാണ് പഠിപ്പിക്കുന്നത്.’’ – വിഡിയോ സന്ദേശത്തിൽ തൃപ്ത പറഞ്ഞു.
സ്‌കൂൾ ഉടമ കൂടിയായ അധ്യാപികയുടെ വിഡിയോ ഹിന്ദു–മുസ്‌ലിം സ്പർദ്ധ വളർത്താൻ കാരണമായെന്നു കാണിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളും ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവാദത്തെ തുടർന്ന് സ്കൂൾ താൽകാലികമായി അടച്ചിട്ടിരിക്കുകയാണ്. വിദ്യാർഥികള്‍ക്ക് സമീപത്തുള്ള മറ്റു സ്കൂളുകളിൽ പ്രവേശനം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 24നാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്.