സദാചാരഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ചു; മലപ്പുറത്ത് അധ്യാപകന്‍ ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രശസ്ത ചിത്രകാരനും സ്‌കൂള്‍ അധ്യാപകനും സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്‌കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവര്‍ത്തകനുമായിരുന്നു സുരേഷ്.

ഒരു സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. സുരേഷിന്റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

അക്രമിസംഘം അസഭ്യവര്‍ഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം. സ്വന്തം വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാര്‍ അടക്കമുള്ളവര്‍ പറയുന്നത്. ഇന്ന് രാവിലെയാണ് വീട്ടിനുള്ളില്‍ സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Top