ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍

തിരുവനന്തപുരം: ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍. തീരുമാനമെടുത്ത ശേഷം അധ്യാപക സംഘടനകളുടെ യോഗം വിളിക്കുന്നത് ശരിയായില്ലെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത് . കെഎസ്ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്.

വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംഘടന കെപിഎസ് ടി എ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘടന എകെഎസ്ടിയുവിന്റെ പ്രതികരണം.

സംസ്ഥാനത്ത് നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. നാളെ മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയായിരിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇനി മുതല്‍ അവധി ദിവസങ്ങളൊഴികെ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. 21 മുതല്‍ മുഴുവന്‍ ക്ലാസുകളും വൈകീട്ട് വരെയുണ്ടാകും.

10, 11, 12 ക്ലാസുകള്‍ ഫെബ്രുവരി 19 വരെ നിലവില്‍ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതല്‍ ഒന്ന് – 12 ക്ലാസുകള്‍ വൈകുന്നേരം വരെ ക്ലാസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവൃത്തി ദിവസം ആയിരിക്കുമെന്നും പറഞ്ഞു. എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ ഉണ്ടാകും. എസ് എസ് എല്‍ സി,പ്ലസ് ടു മാതൃകാ പരീക്ഷ മാര്‍ച്ച് 16 ന് തുടങ്ങും.

 

Top