സംസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാന്‍ സിക്കിമില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാന്‍ സിക്കിമില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് എത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 12 സംസ്ഥാന അവാര്‍ഡ് ജേതാക്കളും 27 പ്രശംസാ അവാര്‍ഡ് നേടിയ അധ്യാപകരുമാണ് കേരള മോഡലിനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്തെത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

‘സിക്കിം സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചത്. യാത്രയില്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനവും സ്‌കൂള്‍ സന്ദര്‍ശനവും ഇവിടുത്തെ അദ്ധ്യാപകരുമായുള്ള ആശയവിനിമയവും സംഘം നടത്തും. കേരള മോഡലിന്റെ പ്രത്യേകതകളെക്കുറിച്ചും സംഘം പഠനം നടത്തും.’ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തിയ സംഘവുമായി മന്ത്രി വി ശിവന്‍കുട്ടി ആശയവിനിമയം നടത്തി. കേരള മാതൃകയെയും കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതേതര ചട്ടക്കൂടിനെയും സംഘം അഭിനന്ദിച്ചെന്ന് മന്ത്രി പറഞ്ഞു.

Top