ഇന്ത്യയെ ‘കറക്കി വീഴ്ത്തി’ അജാസ് പട്ടേൽ

മുംബൈ : ഇടംകൈ സ്പിന്നർ അജാസ് പട്ടേലിന്റെ കുത്തിത്തിരിഞ്ഞ പന്തുകൾക്കു മുന്നിൽ കറങ്ങി വീഴുന്ന ഇന്ത്യൻ ബാറ്റർമാരുടെ എണ്ണം വർധിക്കുന്നു. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ടാം ഓവർ എറിയാനെത്തിയ അജാസ് പട്ടേൽ വീഴ്ത്തിയത് രണ്ടു വിക്കറ്റ്! വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് പട്ടേലിനു മുന്നിൽ വീണത്. 79 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അജാസിനും സംഘത്തിനുമെതിരെ ഇന്ത്യയ്ക്കായി ‘സംരക്ഷണ ഭിത്തി’ കെട്ടി കാവൽ നിൽക്കുന്ന ഓപ്പണർ മയാങ്ക് അഗർവാൾ 130 റൺസോടെയും അക്ഷർ പട്ടേൽ 18 റൺസോടെയും ക്രീസിൽ.

ഇതുവരെ വീണ മുഴുവൻ‌ ഇന്ത്യൻ വിക്കറ്റുകളും നേടി കിവീസ് നിരയിൽ തിളങ്ങിയതും ഒരു ഇന്ത്യക്കാരനാണ്; മുംബൈയിൽ‌ ജനിച്ച്, ന്യൂസീലൻ‌ഡിലേക്കു കുടിയേറിയ അജാസ് പട്ടേൽ. നാലു വിക്കറ്റ് നഷ്ടത്തിൽ 221 റൺസുമായി രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യയ്‌ക്കെതിരെ ടിം സൗത്തിയെ ഇറക്കിയാണ് താൽക്കാലിക നായകൻ ടോം ലാതം പോരാട്ടം ആരംഭിച്ചത്. തൊട്ടടുത്ത ഓവർ അജാസ് പട്ടേലിന് നൽകിയ ലാതത്തിന്റെ നീക്കം ഫലം കണ്ടു. നാലാം പന്തിൽ വൃദ്ധിമാൻ ‍സാഹ എൽബിയിൽ കുരുങ്ങി. തൊട്ടടുത്ത പന്തിൽ രവിചന്ദ്രൻ അശ്വിൻ ഗോൾഡൻ ഡക്ക്!

62 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്താണ് സാഹ എൽബിയിൽ കുരുങ്ങിയത്. തൊട്ടടുത്ത പന്തിൽ അശ്വിന്റെ പ്രതിരോധം തകർത്ത പട്ടേൽ, താരത്തെ ഗോൾഡൻ ഡക്കിന് പറഞ്ഞയച്ചു.
മത്സരത്തിൽ വൃദ്ധിമാൻ സാഹയെ പുറത്താക്കിയതോടെ അജാസ് പട്ടേൽ ടെസ്റ്റിലെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഇന്ത്യൻ മണ്ണിൽ ന്യൂസീലൻഡിനായി ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ സ്പിന്നറാണ് അജാസ്. ഏഷ്യൻ മണ്ണിൽ ന്യൂസീലൻഡിനായി ഏഴു ടെസ്റ്റുകളിൽനിന്ന് അജാസിന്റെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. മുന്നിൽ ഡാനിയർ വെട്ടോറി (21 ടെസ്റ്റുകളിൽനിന്ന് 8 അഞ്ച് വിക്കറ്റ് നേട്ടം), സർ റിച്ചാർഡ് ഹാ‍ഡ്‌ലി (13 ടെസ്റ്റിൽനിന്ന് 5) എന്നിവർ മാത്രം. ടിം സൗത്തി 13 ടെസ്റ്റിൽനിന്ന് മൂന്ന് 5 വിക്കറ്റ് നേട്ടവുമായി ഒപ്പവുമുണ്ട്

Top