ടെസ്റ്റിലും ഏകദിനത്തിലും ലോക ഒന്നാംസ്ഥാനത്ത്; അപൂർവ നേട്ടത്തിൽ ടീം ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇപ്പോൾ.

ടെസ്റ്റിലും ഏകദിനത്തിലും ലോക ഒന്നാംസ്ഥാനമെന്ന അപൂർവ നേട്ടത്തിലാണ് ടീം ഇന്ത്യ.

മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ തോൽപിച്ചതോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കയെ പിൻതള്ളി ഒന്നാമതെത്തി.

ടെസ്റ്റിൽ നേരത്തേ ഇന്ത്യ ഒന്നാം റാങ്കിലുണ്ട്. 2002ൽ ഐസിസി ടീം റാങ്കിങ് ആരംഭിച്ചശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് ഈ നേട്ടം. ട്വന്റി-20യിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

ഏകദിനത്തിലെ നാല് അർധ സെഞ്ചുറികളും ഹാർദിക് പാണ്ഡ്യ നേടിയത് ഈ വർഷമാണ്. രണ്ടെണ്ണം ഈ പരമ്പരയിൽ നേടി.

ഇൻഡോർ ഹോൽകർ സ്റ്റേഡിയത്തിൽ നടന്ന അഞ്ച് ഏകദിന മൽസരങ്ങളിലും ഇന്ത്യ വിജയം നേടി. ഹോൽകറിൽ ഒരു ടെസ്റ്റ് മൽസരവും ഇന്ത്യ വിജയിച്ചു.

ഇന്ത്യയുടെ തുടർച്ചയായ ആറാം ഏകദിന പരമ്പര നേട്ടമാണ് ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്. ഈ വർഷത്തെ നാലാമത്തെയും.

ഏകദിനത്തിൽ ഇന്ത്യയ്ക്ക് തുടർച്ചയായ ഒൻപതാം വിജയം. തുടർവിജയങ്ങളിൽ 2009ൽ ധോണിയുടെ നേതൃത്വത്തിൽ കുറിച്ച റെക്കോർഡിനൊപ്പം.

ഓസ്ട്രേലിയയ്ക്കെതിരെ കൂടുതൽ ഏകദിന സിക്സറുകൾ നേടിയത് രോഹിത് ശർമ. 65 സിക്സറുകൾ പറത്തിയ രോഹിത് ബ്രണ്ടൻ മക്കല്ലത്തെ(61) രണ്ടാമതാക്കി.

രാജ്യാന്തര ക്രിക്കറ്റിൽ എം.എസ്.ധോണിയുടെ പുറത്താക്കലുകളുടെ എണ്ണം 750 ആയി. ആദം ഗിൽക്രിസ്റ്റിനും മാർക് ബൗച്ചർക്കും പിന്നിൽ മൂന്നാമത്.

Top