സാര്‍സും കോവിഡും അവയുടെ വകഭേദങ്ങളും ഉള്‍പ്പെടെ അറിയപ്പെടുന്ന എല്ലാത്തരം കൊറോണ വൈറസുകളെയും നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ കണ്ടെത്തി രാജ്യാന്തര ശാസ്ത്രജ്ഞസംഘം. ഭാവിയിലെ കൊറോണ വൈറസ് പടര്‍ച്ചകളെ തടുക്കാന്‍ ഈ ആന്റിബോഡികള്‍ക്ക് സാധിക്കുമെന്ന് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
സാര്‍സിനെ അതിജീവിക്കുകയും കോവിഡിനെതിരെ വാക്സീന്‍ എടുക്കുകയും ചെയ്ത ഒരു രോഗിയുടെ ശരീരത്തില്‍ നിന്നാണ് അതിവിശാലമായ നിര്‍വീര്യ ശേഷിയുള്ള ഈ ആന്റിബോഡികളെ വേര്‍തിരിച്ചെടുത്തത്. ഡ്യൂക് എന്‍യുഎസ് മെഡിക്കല്‍ സ്കൂള്‍, നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍, യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍, അമേരിക്കയിലെ ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ പഠന സംഘത്തില്‍ ഉള്‍പ്പെടുന്നു.
കോവിഡ്-19, അതിന്റെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ്, ഒമിക്രോണ്‍ വകഭേദങ്ങള്‍, യഥാര്‍ഥ സാര്‍സ് വൈറസ്, വവ്വാലുകള്‍, ഈനാംപേച്ചി തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് പരക്കുന്ന മറ്റ് പല തരം കൊറോണ വൈറസുകള്‍ എന്നിവയെ എല്ലാം നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന ആറ് ആന്റിബോഡികളാണ് പഠനത്തില്‍ കണ്ടെത്തിയതെന്ന് ഡ്യൂക്-എന്‍യുഎസിലെ വൈറസ് വിദഗ്ധനും ഗവേഷണ സംഘാംഗവുമായ വാങ് ലിന്‍ഫ പറയുന്നു. ഇതില്‍ തന്നെ ഇ7 എന്ന ആന്റിബോഡിയാണ് ഏറ്റവും ശക്തമായതെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസിന്റെ മുന പോലുള്ള പ്രോട്ടീനെ ലക്ഷ്യമിടുന്ന ഈ കോശങ്ങളെ ബാധിക്കാന്‍ വൈറസിന് ആവശ്യമായ രൂപം മാറ്റല്‍ പ്രക്രിയയെ തടയുന്നു. നിലവിലുള്ളതും ഭാവിയില്‍ ഉയര്‍ന്ന് വരാവുന്നതുമായ കൊറോണ വൈറസുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇ7 ഉള്‍പ്പെടെയുള്ള ആന്റിബോഡികള്‍ക്ക് സാധിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ വാക്സീനുകൾക്ക് രൂപം നൽകാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.