ടെക് മഹീന്ദ്രയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറിന്റെ ശമ്പളം 146.19 കോടി രൂപ

ഗുഡ്ഗാവ് : രാജ്യത്തെ അഞ്ചാമത്തെ വലിയ ഐ.ടി. കമ്പനിയായ ടെക് മഹീന്ദ്രയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.പി. ഗുര്‍നാനി 2017-18 ല്‍ ശമ്പളമായി നേടിയത് 146.19 കോടി രൂപ. മുന്‍ വര്‍ഷം നേടിയ 150.70 കോടിയെക്കാള്‍ ഇത് കുറവാണ്. അപ്പോഴും രാജ്യത്തെ മറ്റു പ്രമുഖ ഐ.ടി. കമ്പനികളുടെ മേധാവികളെക്കാള്‍ ഏറെക്കൂടുതലാണ് ഗുര്‍നാനിയുടെ പ്രതിഫലതുക.

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 510 കോടി രൂപയാണ് ഗുര്‍നാനി ടെക് മഹീന്ദ്രയില്‍നിന്ന് പ്രതിഫലമായി നേടിയത്. ടെക് മഹീന്ദ്രയെക്കാള്‍ മുന്നിലുള്ള നാലു കമ്പനികളുടെയും സി.ഇ.ഒ. മാരുടെ അഞ്ചു വര്‍ഷത്തെ മൊത്തം ശമ്പളമായ 387.92 കോടിയെക്കാള്‍ 24 ശതമാനം കൂടുതലാണ് ഗുര്‍നാനിക്ക് ലഭിച്ചത്.

ടെക് മഹീന്ദ്രയുടെ വൈസ് ചെയര്‍മാന്‍ വിനീത് നയ്യാര്‍ക്കാകട്ടെ, കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 363.13 കോടി രൂപ ലഭിച്ചു. ഇതും കൂടി കണക്കിലെടുത്താല്‍ ടെക് മഹീന്ദ്ര മുതിര്‍ന്ന രണ്ടു മേധാവികള്‍ക്കുമായി അഞ്ചു വര്‍ഷം കൊണ്ട് 873.16 കോടി രൂപയാണ് നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഇരുവര്‍ക്കും സ്റ്റോക് ഓപ്ഷന്‍ (ഇസോപ്) പദ്ധതിയിലൂടെ വന്‍തോതില്‍ കമ്പനി ഓഹരികള്‍ ലഭിച്ചിരുന്നു. ഇതാണ് മറ്റു കമ്പനികളിലെ മേധാവികളെ അപേക്ഷിച്ച് പ്രതിഫലം കൂടാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

മഹീന്ദ്ര ഗ്രൂപ്പിനു കീഴിലുള്ള ഐ.ടി. കമ്പനിയായ ടെക് മഹീന്ദ്ര 1986ലാണ് സ്ഥാപിതമായത്. പ്രതിസന്ധിയിലായ സത്യം കംപ്യൂട്ടേഴ്‌സിനെ ഏറ്റെടുത്തിരുന്നു. 2004ലാണ് ഗുര്‍നാനി ടെക് മഹീന്ദ്രയിലെത്തുന്നത്.

Top