മൂൺലൈറ്റിംഗിനെ അഥവാ പുറംജോലിയെ പിന്തുണച്ച് ടെക് മഹീന്ദ്ര. ഇത് ആദ്യമായാണ് ഒരു ടെക് കമ്പനി മൂൺലൈറ്റിംഗിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ ഗുർനാനിയാണ് മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന ഇറക്കിയത്. ടെക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നത് തങ്ങൾക്ക് ഭീഷണിയാകില്ല. അത്തരം ജീവനക്കാരെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു കമ്പനികളിൽ കൂടി ജോലി ചെയ്യാൻ താല്പര്യമുള്ള ജീവനക്കാർ അത് തുറന്നു പറയണം.
മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്താൽ ഇളവ് ലഭിക്കില്ല. കൂടാതെ അവർക്കെതിരെ നടപടിയും എടുക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. മൂൺലൈറ്റിംഗിനേ തുടർന്ന് 300 ജീവനക്കാരെ പിരിച്ചുവിട്ട വിപ്രോയുടെ നടപടി വലിയ ചർച്ചയായതിന് പിന്നാലെയാണ് ടെക് മഹീന്ദ്രയുടെ പ്രസ്താവന. ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ നിരവധി ടെക് കമ്പനികൾ മൂൺലൈറ്റിംഗിനെതിരെ രംഗത്തുവന്നിരുന്നു.