മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. അക്കൗണ്ട് ഉണ്ടാക്കിയ സോഫ്റ്റ്‍വെയർ എൻജിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്ധേരി മാരോൾ സ്വദേശി നിതിൻ സിസോദ് (39) ആണു പിടിയിലായത്.
എൻസിപി നേതാവ് ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വ്യാജ ട്വിറ്റർ അക്കൗണ്ടിലുടെ മോശം പരാമർശങ്ങളാണ് സാറയുടേതെന്ന പേരിൽ ട്വീറ്റ് ചെയ്തിരുന്നത്. നിതിന്റെ ലാപ്ടോപ്, രണ്ടു മൊബൈൽ ഫോൺ, റൂട്ടർ, മറ്റു കംപ്യൂട്ടർ ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഐടി നിയമം, ഐപിസി വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സച്ചിന്റെ പേഴ്സണൽ അസിസ്റ്റന്റിന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
@sarasachin_r എന്ന അക്കൗണ്ടിൽ ഇന്ത്യൻ രാഷ്ട്രീയക്കാരെ കുറിച്ചു നിരവധി പരാമർശങ്ങളാണുള്ളത്. ‘എസ്പി (ശരദ് പവാർ) മഹാരാഷ്ട്രയെ കൊള്ളയടിച്ചത് എല്ലാവർക്കുമറിയാം. കേന്ദ്രത്തിലും ഇതുപോലെ ചെയ്തുവെന്നത് കുറച്ചുപേർക്കേ അറിയൂ’ എന്നായിരുന്നു അവസാനമായി ചെയ്ത ട്വീറ്റ്.
ജനുവരിയിൽ സാറയോട് പ്രണയമാണെന്ന് പറഞ്ഞു വീട്ടിലേക്കു നിരവധി തവണ വിളിക്കുകയും തട്ടിക്കൊണ്ടു പോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത വെസ്റ്റ് ബംഗാളിലെ ഹാൽദിയയിൽ നിന്നുള്ള ദേബ് കുമാര്‍ മെയ്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.