തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക വിദ്യാരംഗങ്ങളിലെ മുന്നേറ്റങ്ങള്‍ക്കും വിജ്ഞാനസ്വാതന്ത്ര്യത്തിനും അനുസരിച്ച് സഹകരണമേഖലയുടെ ഭാവി എങ്ങനെയൊക്കെ രൂപപ്പെടുത്തണം എന്നതിനെപ്പറ്റി ആലോചിക്കാന്‍ സാങ്കേതികവിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ തേടാന്‍ സെമിനാര്‍. കേരളസര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ശാസ്ത്രസാങ്കേതികവിദ്യാരംഗത്തെ സര്‍ക്കാര്‍സ്ഥാപനങ്ങളും വിജ്ഞാനസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതരസംഘടനകളും ചേര്‍ന്ന് ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്തു നടത്തുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ന്റെ ഭാഗമായാണു സെമിനാര്‍. ടാഗോര്‍ തീയറ്ററിലെ മൂന്നാം വേദിയില്‍ ഓഗസ്റ്റ് 15-നു രാവിലെ 10 മുതലാണു പരിപാടി.
ഇന്നത്തെ ശാസ്ത്രസാങ്കേതികവിപ്ലവവും സഹകരണരംഗവും എന്നതാണ് കേന്ദ്രവിഷയം. അതിനു കീഴില്‍ മനുഷ്യകേന്ദ്രിതപരിവര്‍ത്തനത്തിലെ സഹകരണനയങ്ങള്‍, നവസമ്പദ്ഘടനയില്‍ സഹകരണരംഗം, കേരളത്തിലെ സഹകരണമേഖലയുടെ വൈവിദ്ധ്യവത്ക്കരണഭാവി, പ്ലാറ്റ്‌ഫോം സംഘങ്ങളും നോളജ് മിഷനും, മനുഷ്യകേന്ദ്രിതഅതിജീവനക്ഷമ-സുസ്ഥിര സമ്പദ്ഘടനയില്‍ സഹകരണരംഗം, ഇന്‍ഡ്യന്‍ സഹകരണമേഖലയിലെ യുവ-സാങ്കേതികവിദ്യാപങ്കാളിത്തം, സംഘങ്ങളെ അംഗകേന്ദ്രിതം ആക്കാനുള്ള തന്ത്രങ്ങള്‍, സാങ്കേതികവിദ്യായുഗത്തിലെ അവസരങ്ങളും വെല്ലുവിളികളും, നിര്‍മ്മാണമേഖലയിലെ സാങ്കേതികവിദ്യാമുന്നേറ്റവും തൊഴിലാളികളുടെയും സംഘങ്ങളുടെയും അവസരങ്ങളും, സഹകരണമേഖലയിലെ ബദല്‍ ബിസിനസ് സാദ്ധ്യതകള്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.