ജാക്ക് മായ്ക്ക് ട്വിറ്റര്‍ അക്കൗണ്ട്; കൊറോണയെ നേരിടാന്‍ അമേരിക്കയ്ക്ക് സഹായം, ട്വീറ്റിന് കയ്യടി

മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം സ്വന്തമാക്കിയത് അലിബാബ ഗ്രൂപ്പ് സഹസ്ഥാപകന്‍ ജാക്ക് മാ ആണ്. ജാക്ക് മാ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോറോണയെ പ്രതിരോധിക്കുന്നതിനായി ഷാങ്ഹായില്‍ നിന്നും അമേരിക്കയിലേക്ക് മാസ്‌കുകളും കൊറോണ ടെസ്റ്റ് കിറ്റുകളും അയച്ചുകൊടുക്കുന്ന ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്.

‘അമേരിക്കയിലെ ഞങ്ങളുടെ ചങ്ങാതിമാര്‍ക്ക് എല്ലാവിധ ആശംസകളും” എന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതി. ഈ ട്വീറ്റ് ആദ്യ മണിക്കൂറില്‍ 3,500 ല്‍ അധികം റീ ട്വീറ്റുകളും 20,000 ലൈക്കുകളും നേടി. പുതുതായി സൃഷ്ടിച്ച പ്രൊഫൈലില്‍ ഒരു ”അധ്യാപകന്‍, മനുഷ്യസ്‌നേഹി, സംരംഭകന്‍” എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്, ഒരു മണിക്കൂറില്‍ 10,000 ഫോളോവര്‍മാരാണ് ജാക് മായ്ക്ക് ലഭിച്ചത്.

500,000 ടെസ്റ്റ് കിറ്റുകളും പത്ത് ലക്ഷം മാസ്‌കുകളുമാണ് അമേരിക്കയിലേക്ക് അയക്കാനായി ഒരുക്കിയിട്ടുള്ളതെന്ന് ജാക്ക് മാ ഫൗണ്ടേഷനും അലിബാബ ഫൗണ്ടേഷനും വെള്ളിയാഴ്ച അറിയിച്ചു. നേരത്തെ ജപ്പാന്‍, ദക്ഷിണകൊറിയ, ഇറ്റലി, ഇറാന്‍, സ്പെയിന്‍ എന്നിവിടങ്ങളിലേക്കും ഇവര്‍ മാസ്‌കുകളും ടെസ്റ്റ്കിറ്റുകളും വിതരണം ചെയ്തിരുന്നു.

ട്വിറ്ററിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി ജാക് മായുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് ജാക്ക് മാ.

Top