മൈക്രോസോഫ്റ്റിന്റെ ഗെയിം സ്ട്രീമിങ് സേവനമായ എക്സ് ക്ലൗഡ് അധികം വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കും. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റിലയന്‍സ് ജിയോയുമായി സഹകരിച്ചാണ് എക്സ് ക്ലൗഡ് ഇന്ത്യയിലെത്തിക്കുകയെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
എക്സ് ക്ലൗഡ് സേവനം ഇന്ത്യയില്‍ എന്ന് മുതല്‍ ആരംഭിക്കുമെന്നും മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കിയില്ല. അതേപോലെ
ജിയോയുമായുള്ള സഹകരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.
ഈ പദ്ധതിയിലൂടെ ഗെയിമര്‍മാര്‍ക്ക് അവരുടെ എക്സ് ബോക്സ് ഗെയിമുകള്‍ അവരുടെ സ്മാര്‍ട്ഫോണിലേക്കോ ടാബ് ലെറ്റിലേക്കോ സ്ട്രീം ചെയ്യാനാവും. വിന്‍ഡോസ് 10 കംപ്യൂട്ടറുകളിലും ഈ വര്‍ഷം എക്സ് ക്ലൗഡ് സേവനം ലഭിക്കും. മുംബൈയില്‍ നടന്ന ഫ്യൂച്ചര്‍ ഡീകോഡഡ് എന്ന പരിപാടിയില്‍ മൈക്രോസോഫ്റ്റ് സിഇഓ സത്യ നദെല്ലയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് എക്സ് ക്ലൗഡിന് വേണ്ടി മൈക്രോസോഫ്റ്റും ജിയോയും തമ്മിലുള്ള സഹകരണം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.