കൊറോണ; ശരിയായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഹബ്ബുമായി വാട്സ് ആപ്പ്

വിവര കൈമാറ്റത്തിന് ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് വാട്‌സ് ആപ്പ്. ലോകാരോഗ്യ സംഘടന, യുനിസെഫ്, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയുമായി ചേര്‍ന്ന് വാട്സ് ആപ്പിന്റെ പുതിയ നീക്കം. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ഹബ്ബുമായി എത്തിയിരിക്കുയാണ് വാട്സ് ആപ്പ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഏറ്റവും ആധികാരിക വിവരങ്ങള്‍ കൈമാറുകയെന്ന ലക്ഷ്യത്തിലാണ് വാട്സ് ആപ്പ് ഇന്‍ഫര്‍മേഷന്‍ ഹബ് ആരംഭിച്ചിരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഇതില്‍ നിന്നും ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് പുതിയ നീക്കം കൊണ്ടുവന്നതെന്ന് വാട്സ് ആപ്പ് മേധാവി വില്‍ കാത്ത്കാര്‍ട്ട് പറയുന്നത്.

whatsapp.com/coronavirus എന്ന ലിങ്കിലാണ് വാട്സ് ആപ്പ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ് ലഭ്യമാവുക. ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാമൂഹ്യ നേതാക്കള്‍, ലാഭരഹിതസംഘടനകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, പ്രാദേശിക ബിസിനസുകള്‍ തുടങ്ങി വിവിധ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും വിവരങ്ങളും ഇവിടെ നിന്നും ലഭിക്കുമെന്നാണ് വാട്സ്ആപ് അറിയിച്ചിരിക്കുന്നത്. യഥാര്‍ഥ വസ്തുതകള്‍ തിരിച്ചറിയുന്നതിനും വ്യാജ പ്രചരണങ്ങളെ ഒഴിവാക്കുന്നതിനും ഇത്തരം നീക്കങ്ങള്‍ സഹായിക്കുമെന്നാണ് വാട്സ് ആപ്പിന്റെ പ്രതീക്ഷ.

Top