പാട്ടുകള്‍ ആസ്വദിക്കുന്നവരെ ലക്ഷ്യമിട്ട് നിര്‍മിച്ച ഫോണുകളിലൊന്നായിരുന്നു നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക്. പിന്നീട് വിപണിയില്‍നിന്ന് ഫോണ്‍ പിന്‍വലിക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം എച്ച്എംഡി ഗ്ലോബല്‍ പുനര്‍ജീവിപ്പിച്ച നോക്കിയ ബ്രാന്റ് എക്സ്പ്രസ് മ്യൂസിക് ഫോണ്‍ പുനരവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റായ ടെനാ (TENAA) ആണ് 2007 ല്‍ പുറത്തിറക്കിയ പഴയ നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക് ഫോണിന് സമാനമായ ഒരു ഫോണ്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന സൂചന നല്‍കിയത്. ടെനാ പുറത്തുവിട്ട ചിത്രത്തില്‍ കീപാഡ് രൂപകല്‍പനയിലുള്ള ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഫോണ്‍ ആണുള്ളത്.
നോക്കിയയുടെ പഴയകാല മോഡലുകളായ നോക്കിയ 3310, 8110 എന്നിവ എച്ച് എംഡി ഗ്ലോബല്‍ പുതിയ രൂപത്തില്‍ വീണ്ടും വിപണിയില്‍ എത്തിച്ചിരുന്നു. പുതിയ ഫോണ്‍ എക്‌സ്പ്രസ് മ്യൂസിക് ഫോണുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതില്‍ സ്ഥിരീകരണമില്ല.
നിറങ്ങളിലും ആകൃതിയിലും എക്സ്പ്രസ് മ്യൂസികിനോട് സമാനതയുണ്ട്. 1200 എംഎഎച്ച് ബാറ്ററിയും 2.4 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ആയിരിക്കും ഫോണില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.