കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും സ്വകാര്യ കമ്പനികളുമെല്ലാം മുന്‍കരുതലുമായി രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പിന്റെ ഭാഗമായി ഫോണ്‍ വിളിക്കുമ്പോള്‍ ഇപ്പോള്‍ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസിന്റെ ജാഗ്രത സന്ദേശം കേള്‍പ്പിക്കുന്നുണ്ട്.
ഒരു ചുമയുടെ അകമ്പടിയോടെയാണ് ഈ സന്ദേശം എത്തുന്നത്. കോള്‍ ചെയ്യുമ്പോള്‍ കോളര്‍ ട്യൂണായാണ് ഈ കോവിഡ് 19 ജാഗ്രത സന്ദേശം നല്‍കുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരായ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ തുടങ്ങിവരെല്ലാം സര്‍ക്കാരിന്റെ കൊറോണ മുന്നറിയിപ്പ് കോളര്‍ ട്യൂണ്‍ പ്രവര്‍ത്തനക്ഷമമാക്കി. കൊറോണ വൈറസ് സന്ദേശം അവബോധം സൃഷ്ടിക്കുകയും, കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമായി തുടരാന്‍ ആളുകള്‍ക്ക് ചെയ്യാവുന്ന ചില സുരക്ഷാ നടപടികളെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു.
കൂടാതെ, കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കാനും നിര്‍ദേശം നല്‍കുന്നു. എന്നാല്‍, ഒരു കോള്‍ വിളിക്കുമ്പോഴെല്ലാം ഇത് ചിലര്‍ക്കെങ്കിലും ശല്യപ്പെടുത്തുന്നതായി തോന്നിയിരിക്കാം. പ്രത്യേകിച്ചും ഒരു അടിയന്തര കോള്‍ വിളിക്കുമ്പോള്‍ കൊറോണ കോളര്‍ ട്യൂണ്‍ കേള്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു.
എന്നാല്‍ ബുദ്ധിമുട്ടാവുന്ന സമയത്ത് ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നീ ഉപയോക്തക്കള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഇത് ഒഴിവാക്കാനുള്ള എളുപ്പ വഴിയും ഇവര്‍ നല്‍കുന്നു. ആവശ്യമുള്ള വ്യക്തിക്ക് ഒരു കോള്‍ ചെയ്യുമ്പോള്‍ കൊറോണ വൈറസ് സന്ദേശം കേട്ടയുടനെ, കീപാഡിലെത്തി 1 അമര്‍ത്തുക. 1 അമര്‍ത്തുന്നതോടെ കൊറോണ വൈറസ് മുന്നറിയിപ്പ് സന്ദേശം ഒഴിവാകുകയും റിംഗര്‍ ടോണ്‍ പതിവുപോലെ പ്ലേ ചെയ്യുകയും ചെയ്യും.