കോഴിക്കോട്: കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ആപ്പാണ് ജിഒകെ ഡയറക്ട് (GoK Direct). കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയും പരിഭ്രാന്തരാവുകയും ചെയ്യുന്നു. ഇതേതുടര്‍ന്നാണ് വൈറസിനെപ്പറ്റി ശരിയായ വാര്‍ത്തകള്‍ പങ്കുവയ്ക്കാന്‍ സര്‍ക്കാര്‍ തന്നെ പുതിയൊരു ആപ്പ് കൊണ്ടുവന്നത്.
അതേസമയം, സര്‍ക്കാര്‍ അംഗീകരിച്ച് ജനങ്ങളിലേക്കെത്തിച്ച ഈ ആപ്പിന് പിന്നില്‍ ഒരു കോഴിക്കോട് സ്വദേശിയാണ്- അരുണ്‍ പെരൂളി. കുറ്റിക്കാട്ടൂര്‍ എഡബ്ല്യുഎച്ച് എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അരുണാണ് ജിഒകെ ഡയറക്ട് വികസിപ്പിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
വൈറസിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ആപ്പ് ഫലപ്രദമാണ്. ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളില്‍ ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭ്യമാകും.
നിപ വൈറസിന്റെ സമയത്തും അരുണ്‍ പുറത്തിറക്കിയ ആപ്പിന്റെ സേവനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. എഞ്ചിനീയറിങ് സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് നടത്താവുന്ന ആപ്പിന്റെ നിര്‍മാണത്തിലാണ് അരുണിപ്പോള്‍.