കൊറോണ; ഷാവോമി റെഡ്മി നോട്ട് 8 സ്മാര്‍ട്ഫോണിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ ഷാവോമി റെഡ്മി നോട്ട് 8 സ്മാര്‍ട്ഫോണിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു. വിതരണ ശൃഖലയുടെ പ്രവര്‍ത്തനവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും അവതാളത്തിലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫോണിന്റെ വില വര്‍ധിപ്പിച്ചത്.

500 രൂപയാണ് വര്‍ധിപ്പിച്ചത്. റെഡ്മി നോട്ട് 8ന്റെ 4ജിബി റാം+ 64 ജിബി സ്റ്റോറേജ് പതിപ്പിന് മാത്രമാണ് വില വര്‍ധിക്കുക. 9999 രൂപയ്ക്ക് വിറ്റിരുന്ന ഫോണിന് വില വര്‍ധിക്കുന്നതോടെ 10499 രൂപയാവും. വില വര്‍ധനവ് താല്‍കാലികമാണ്. അതേസമയം നിലവില്‍ ആമസോണ്‍ വെബ്സൈറ്റില്‍ റെഡ്മി നോട്ട് 8 സ്റ്റോക്കില്ല, എന്നാല്‍ ഉടന്‍ തന്നെ ഫോണ്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല കമ്പനികളും ഫാക്ടറികള്‍ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇലക്ട്രോണിക് ഉപകരണ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

Top