5ജിയേക്കാള്‍ 8000 മടങ്ങ് വേഗം; 6ജി പദ്ധതികള്‍ ആസൂത്രണം ചെയ്ത് ചൈന

5ജി സാങ്കേതിക വിദ്യയും കടന്ന് 6ജി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ചൈന.’ഭാവി നെറ്റ്‌വര്‍ക്കുകളുടെ’ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ചൈന ആരംഭിച്ചുകഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സെക്കന്റില്‍ ഒരു ടെറാബൈറ്റ് വരെ വേഗത്തില്‍ ഡാറ്റാ കൈമാറ്റം സാധ്യമാക്കാന്‍ 6ജിയ്ക്ക് സാധിച്ചേക്കും. 5ജിയേക്കാള്‍ 8000 മടങ്ങ് വേഗത്തിലായിരിക്കുമിത്. സെക്കന്‍ഡില്‍ 1000 ജിബി വേഗം ആര്‍ജിക്കുക എന്നതാണ് 6ജി എന്നതിന്റെ അടിസ്ഥാന ലക്ഷ്യം.

6ജിയുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങള്‍ക്കായി രണ്ട് സംഘങ്ങളെ ചൈന ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് ആദ്യത്തേത്. വിവിധ സര്‍വകലാശാലകളില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും സാങ്കേതിക വിദ്യാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 37 പേരടങ്ങുന്ന വിദഗ്ദ സംഘമാണ് രണ്ടാമത്തേത്.

5ജി സാങ്കേതിക വിദ്യപോലും അതിന്റെ ശൈശവഘട്ടത്തില്‍ നില്‍ക്കെ 6ജിയിലേക്കുള്ള മാറ്റത്തിന് ഇപ്പോഴുള്ളതിനേക്കാള്‍ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനവും മാറ്റങ്ങളും ആവശ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

6ജി വരുന്നതോടെ സാങ്കേതിക വിദ്യയില്‍ പുതിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കപ്പെടും. മനുഷ്യന്റെ തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് സാങ്കേതിക വിദ്യയില്‍ പുതിയ കാഴ്ചപ്പാടുകള്‍ വാഗ്ദാനം ചെയ്യാന്‍ 6ജിയ്ക്ക് സാധിക്കുമെന്നാണ് സിഡ്നി സര്‍വകലാശാലയിലെ ഡോ. മഹ്യാര്‍ പറയുന്നത്.

Top