ഫെയ്സ് ബുക്കിന്റെ മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. @facebook എന്ന ഒഫിഷ്യല്‍ അക്കൗണ്ടാണ് വെള്ളിയാഴ്ച ഹാക്ക് ചെയ്യപ്പെട്ടത്. ഫെയ്സ്ബുക്കിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്വിറ്റര്‍ സ്ഥിരീകരിച്ചു.
ഔര്‍മൈന്‍ എന്ന ടീമാണ് ഹാക്ക് ചെയ്തതെന്നാണ് ഫേസ്ബുക്കിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ കുറിപ്പുകളിലൂടെ ഹാക്കര്‍മാര്‍ വ്യക്തമാക്കിയത്. ‘ഹായ് ഞങ്ങള്‍ ഔര്‍മൈന്‍ ആണ് (‘Hi, we are O u r M i n e, Hi, we are O u r M i n e. Well, even Facebook is hackable but at least their security better than Twitter’) എന്നാണ് ഹാക്കര്‍മാര്‍ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്. പ്രശ്നം അറിഞ്ഞയുടന്‍തന്നെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ലോക്ക് ചെയ്യുകയും ഫെയ്സ് ബുക്കുമായി സഹകരിച്ച് അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ട്വിറ്റര്‍ പ്രതിനിധി പറഞ്ഞു.
മുമ്പ് പലതവണ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഘമാണ് ഔര്‍ മൈന്‍. അടുത്തിടെ പന്ത്രണ്ടോളം നാഷണല്‍ ഫുട്ബാള്‍ ലീഗ് ടീമുകളുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയുടെ വരെ അക്കൗണ്ട് ഈ സംഘം കയ്യടക്കിയിരുന്നു.