ടെക്നോ ഈ മാസം ആദ്യമാണ് സ്പാർക്ക് 7 സീരീസ് വിപണിയിലെത്തിച്ചത്. ഈ സീരിസിൽ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. സ്റ്റാൻഡേർഡ് മോഡലിന് പുറമേ ടെക്നോ ഈ സീരിസിലേക്ക് സ്പാർക്ക് 7പി എന്ന മോഡൽ കൂടി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ സ്പാർക്ക് 7 പ്രോ എന്ന സീരീസിലെ മൂന്നാമത്തെ വേരിയൻറ് കൂടി ലോഞ്ച് ചെയ്തിരിക്കുകയാണ് കമ്പനി. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമായി വരുന്ന ഈ ഡിവൈസിൽ മീഡിയടെക് ജി സീരീസ് പ്രോസസറാണ് ഉള്ളത്.
6.6 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് ടെക്നോ സ്പാർക്ക് 7 പ്രോ വിപണിയിൽ എത്തിയിരിക്കുന്നത്. ഡിസ്പ്ലേയിൽ 720 x 1600 പിക്സൽ റസലൂഷനും 90Hz എച്ച്ഡി+ റെസല്യൂഷനും സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട്‌ഫോണിന്റെ മുകളിൽ ഇടത് കോണിലായി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ടും നൽകിയിട്ടുണ്ട്. മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഡിവൈസിൽ 4/6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്.
ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്‌ഫോണിന് പിന്നിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. 48 എംപി പ്രൈമറി സെൻസർ വെർട്ടിക്കലായ മൊഡ്യൂളിൽ നൽകിയിട്ടുണ്ട്. പ്രൈമറി ക്യാമറയ്ക്ക് ഒപ്പം ഒരു പോർട്രെയിറ്റ് ക്യാമറ, ഒരു എഐ ലെൻസ് എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 എംപി ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് എച്ച്ഐഒഎസ് 7.5 ഇന്റർഫേസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.