കറാക്കസ്: വെനിസ്വേലയില്‍ നികോളസ് മദൂറോ സര്‍ക്കാറിനെതിരെ നടന്ന പ്രതിഷേധത്തില്‍ രണ്ടു മരണം.
സ്ത്രീയും യുവാവും ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൊളംബിയന്‍ അതിര്‍ത്തിയിലെ സാന്‍ ക്രിസ്റ്റോബലിലായിരുന്നു സംഭവം.
പ്രസിഡന്റ് നികോളസ് മദൂറോ രാജിവെക്കുക, പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുക, ജയിലില്‍ കഴിയുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭകരില്‍ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, പ്രതിപക്ഷ പ്രക്ഷോഭകര്‍ പൊലീസിനെ ആക്രമിച്ചതായും കടകള്‍ കൊള്ളയടിച്ചതായും പ്രസിഡന്റ് മദൂറോ പറഞ്ഞു. സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം കറാക്കസില്‍ ബദല്‍ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനിസ്വേല. എന്നാല്‍, കുറച്ച് വര്‍ഷങ്ങളായി ഉയര്‍ന്ന വിലക്കയറ്റം, അനിയന്ത്രിതമായ കുറ്റകൃത്യങ്ങള്‍, അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം എന്നീ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വെനിസ്വലക്ക് സാധിച്ചിട്ടില്ല.