സാമ്പത്തിക പ്രതിസന്ധിയില്‍ പോപുലര്‍ ഫ്രണ്ടിന്റെ മുഖപത്രം തേജസ് ഇന്ന് അടച്ചുപൂട്ടുമ്പോള്‍ വഴിയാധാരമായ 300 റോളം ജീവനക്കാരെ കൈവിട്ട് മാനേജ്‌മെന്റും പത്രപ്രവര്‍ത്തക യൂണിയനും.
രണ്ടു മാസം മുമ്പ് ഒക്ടോബര്‍ 21ന് ജീവനക്കാരുടെ യോഗം വിളിച്ച് പത്രംപൂട്ടുന്നത് അറിയിച്ച തേജസ് മാനേജ്‌മെന്റ് ജീവനക്കാര്‍ക്കുള്ള പാക്കേജ് ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന തേജസ് മാനേജ്‌മെന്റ് വഴിയാധാരമാക്കിയ ജീവനക്കാര്‍ക്ക് സഹായപാക്കേജ് നല്‍കാതെയാണ് പുതുവത്സര ദിനത്തില്‍ തേജസ് ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആരംഭിക്കുന്നത്.
പെട്ടിക്കട പൂട്ടുന്ന ലാഘവത്തില്‍ പത്രം അടച്ചുപൂട്ടിയിട്ടും ഒഴുക്കന്‍ പ്രസ്താവനയല്ലാതെ തേജസ് ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നേടി നല്‍കാന്‍ കാര്യമായൊന്നും ശ്രമിക്കാതെ കൈവിടുകയാണ് പത്രപ്രവര്‍ത്തക യൂണിയനും. രണ്ടു സംസ്ഥാന സമിതി അംഗങ്ങള്‍ തേജസില്‍ നിന്നുണ്ടായിട്ടും അവരുള്‍പ്പെടുന്ന ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ശ്രമിക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് പുകയുന്നത്.
ജീവനക്കാരെ പിരിച്ചുവിട്ടതിന് ദീപിക ദിനപത്രത്തിന് വര്‍ഷങ്ങളോളം പ്രസ് ക്ലബില്‍ വിലക്കേര്‍പ്പെടുത്തുകയും, വേജ് ബോര്‍ഡ് നടപ്പാക്കാത്തതിന് മാതൃഭൂമി കോഴിക്കോട് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും ചെയ്ത പത്രപ്രവര്‍ത്തകയൂണിയനാണ് തേജസ് മാനേജ്‌മെന്റിനെതിരെ പത്രക്കുറിപ്പുമാത്രം ഇറക്കി മിണ്ടാതിരിക്കുന്നത്.
മുന്നൂറോളം ജീവനക്കാരില്‍ ഇരുപതു പേര്‍ക്കു മാത്രമാണ് തേജസ് വാരികയിലും ഓണ്‍ലൈന്‍ ന്യൂസ് ചാനലിനും ജോലി നല്‍കിയിട്ടുള്ളത്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സമീര്‍ കല്ലായി, മുംതാസ് അടക്കം ബാക്കിയുള്ളവര്‍ക്കൊന്നും ജോലി നല്‍കിയിട്ടില്ല. മുന്നൂറോളം വരുന്ന ജീവനക്കാര്‍ക്ക് മറ്റു പത്രസ്ഥാപനങ്ങളും ജോലി നല്‍കാന്‍ തയ്യാറായിട്ടില്ല. മുസ്‌ലിം മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള പത്രസ്ഥാപനങ്ങള്‍ വരെ തേജസ് ജീവനക്കാരെ തഴയുകയാണ്. ഇക്കാര്യത്തില്‍ പത്രസ്ഥാപനങ്ങളും ചാനല്‍ മാനേജ്‌മെന്റുകളുമായി സംസാരിച്ച് അനുകൂല നിലപാടെടുക്കാനുള്ള നീക്കംപോലും പത്രപ്രവര്‍ത്തക യൂണിയന്‍ കാണിക്കാത്തതിലാണ് ജീവനക്കാര്‍ക്ക് അമര്‍ഷം.
ജീവനക്കാരെ വഴിയാധാരമാക്കി തേജസ് മാനേജ്‌മെന്റ് പുതുവത്സരത്തില്‍ ആരംഭിക്കുന്ന തേജസ് ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ഉദ്ഘാടനം ചെയ്തത് മുന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവും പ്രസ് അക്കാദമി ചെയര്‍മാനുമായിരുന്ന എന്‍.പി രാജേന്ദ്രനാണ്.
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമരത്തില്‍ തൊഴിലാളികള്‍ക്കൊപ്പം അടിയുറച്ചുനിന്നു പോരാടിയ പഴയ നക്‌സല്‍ നേതാവ് ഗ്രോ വാസു ഇപ്പോള്‍ എസ്.ഡി.പി.ഐയുടെ തൊഴിലാളി സംഘടനയായ എസ്.ഡി.ടി.യു സംസ്ഥാന നേതാവാണ്. തേജസിലെ തൊഴിലാളികളുടെ കാര്യത്തില്‍ അവകാശ സമരപോരാട്ടങ്ങളുടെ നായകനായ ഗ്രോ വാസുവും മൗനം പാലിക്കുകയാണ്.
തേജസ് അടച്ചുപൂട്ടുന്നതോടെ ചീഫ് എഡിറ്ററായിരുന്ന എന്‍.പി ചെക്കുട്ടിയും ആഴ്ചവട്ടം എഡിറ്ററായിരുന്ന ജമാല്‍ കൊച്ചങ്ങാടി അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും വഴിയാധാരമായിരിക്കുകയാണ്.
തേജസ് അടച്ചുപൂട്ടാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിമനെതിരെ നേരത്തെ ചീഫ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി ജീവനക്കാരുടെ യോഗത്തില്‍ ആഞ്ഞടിച്ചിരുന്നു. നിങ്ങള്‍ വെട്ടിയത് എന്റെ വലതുകൈയ്യാണെന്നായിരുന്നു ചെക്കുട്ടിയുടെ വൈകാരികമായ പ്രതികരണം. ബസില്‍ ഓഫീസിലെത്തുന്ന എഡിറ്ററാണ് ഞാന്‍. ദിവസം 12 രൂപയേ എന്റെ യാത്രാ ചെലവു വരൂ. എനിക്ക് ആ പണം മതി. സാമ്പത്തിക ബാധ്യതയുടെ പേരില്‍ പത്രം അടച്ചുപൂട്ടുകയാണെന്ന മാനേജ്‌മെന്റ് തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്ത ചെക്കുട്ടി വീട്ടില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ മക്കളെ ഉപേക്ഷിച്ചുപോകുന്ന അമ്മയെപ്പോലെയാണ് മാനേജ്‌മെന്റ് അതിന്റെ ജീവനക്കാരെ കൈവിടുന്നതെന്നും വികാരാധീനനായി.
തീവ്രവാദം ആരോപിച്ച് സംസ്ഥാന സര്‍ക്കാരും പിന്നീട് കേന്ദ്ര സര്‍ക്കാരും സര്‍ക്കാര്‍ പരസ്യങ്ങള്‍ തേജസിനു നിഷേധിച്ചിരുന്നു. 1997ല്‍ എന്‍.ഡി.എഫിന്റെ മുഖമാസികയായാണ് പ്രൊഫ. പി. കോയ എഡിറ്ററായി തേജസ് പ്രസിദ്ധീകരണമാരംഭിച്ചത്. പിന്നീട് ഇത് ദ്വൈവാരികയായി പ്രസിദ്ധീകരണം തുടങ്ങി.
ദ്വൈവാരിക നിലനിര്‍ത്തികൊണ്ടുതന്നെ 2006 ജനുവരി 26ന് കോഴിക്കോടുനിന്നും തേജസ് പത്രം ആരംഭിക്കുകയായിരുന്നു. ഇടതുസഹയാത്രികനും കൈരളി ചാനല്‍ വാര്‍ത്താവിഭാഗം മേധാവിയുമായിരുന്ന എന്‍.പി ചെക്കുട്ടിയാണ് തേജസിന്റെ എഡിറ്ററായി വന്നത്.
വാര്‍ത്തകളിലും നിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത തേജസിന്റെ ഇടപെടലുകള്‍ മാധ്യമലോകത്ത് ശ്രദ്ധേയമായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ സണ്‍ഡേ സപ്ലിമെന്റായ ആഴ്ചവട്ടം ശ്രദ്ധേയമായിരുന്നു. ന്യൂനപക്ഷ, ദലിത് അവകാശങ്ങള്‍ തേജസ് ഉയര്‍ത്തിപ്പിടിച്ചിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ക്ക് അപ്പുറത്ത് പോപുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങളും തീവ്രവാദ ബന്ധമെന്ന ആരോപണങ്ങളുമാണ് തേജസിന്റെ നില പരുങ്ങലിലാക്കിയത്. കൈവെട്ടു കേസിനു പിന്നാലെ തേജസ് ജീവനക്കാരന്‍ ഐ.എസില്‍ ചേരാന്‍പോയതും കനകമലയിലെ തീവ്രവാദയോഗവുമെല്ലാം തേജസിനെ പ്രതികൂട്ടിലാക്കി. ഏറ്റവും ഒടുവില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണകൊലപാതകത്തില്‍ ക്യാംപസ് ഫ്രണ്ടും പോപുലര്‍ ഫ്രണ്ടും പ്രതികൂട്ടിലായതും പത്രത്തിനു തിരിച്ചടിയായി. അപ്പോഴും ഒപ്പം നിന്ന ജീവനക്കാരാണ് ഒടുവില്‍ വഴിയാധാരമായിരിക്കുന്നത്.