പറ്റ്‌ന: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്‌സേയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്തുണയുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തി വ്യക്തി തീവ്രവാദി തന്നെയാണെന്നും ഒരു പക്ഷേ തീവ്രവാദി എന്നതിനേക്കള്‍ വലിയ വിശേഷണമാണ് അയാള്‍ക്ക് ചേരുകയെന്നും തേജസ്വി യാദവ് പറഞ്ഞു.
മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ആളെ ഭീകരവാദിയെന്ന് വിളിച്ച കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും തേജസ്വി വ്യക്തമാക്കി.
പരാമര്‍ശത്തില്‍ കമല്‍ഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ്നാട്ടിലെ മന്ത്രി കെടി രാജേന്ദ്ര ബാലാജി ആവശ്യപ്പെട്ടു. കമലഹാസന്റെ പാര്‍ട്ടി സമൂഹത്തില്‍ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും മക്കള്‍നീതിമയ്യത്തെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയാള്‍ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, കൃസ്ത്യാനിയെന്നോ, മുസല്‍മാനെന്നോ ഇല്ല,’ ബാലാജി പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടിയാണ് കമല്‍ഹാസന്റെ ഈ പ്രസ്താവന, വിഷം വമിപ്പിക്കുന്ന നേതാവാണ് കമല്‍ഹാസനെന്നും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും വിഷമയമാണെന്നും ബാലാജി വിമര്‍ശിച്ചു.
അതേസമയം കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നതെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമലിനെതിരെ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.