പാട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ വേട്ടയാടുന്നത് ബി.ജെ.പിയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതുകൊണ്ടാണെന്ന് മകനും ആര്‍.ജെ.ഡി അധ്യക്ഷനുമായ തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിനെ സി.ബി.ഐ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് തേജസ്വിയുടെ പ്രതികരണം.
”ബി.ജെ.പിയുമായി കൈകോര്‍ത്തിരുന്നെങ്കില്‍ ലാലുവിനെ അവര്‍ രാജാ ഹരിശ്ചന്ദ്രനെന്ന് വിളിക്കുമായിരുന്നു. പക്ഷെ അദ്ദേഹം ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ പോരാടിയതുകൊണ്ടാണ് ജയിലില്‍ പോവേണ്ടി വന്നത്. ഇതുകൊണ്ടൊന്നും ഞങ്ങള്‍ ഭയപ്പെടില്ല”തേജസ്വി യാദവ് പറഞ്ഞു.
ബി.ജെ.പിക്ക് മുന്നില്‍ ഒരിക്കലും തല കുനിക്കില്ലെന്നാണ് ലാലു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവര്‍ നടത്തിയ തട്ടിപ്പുകളെല്ലാം സി.ബി.ഐ മറന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാലിത്തീറ്റ കുംഭകോണമല്ലാതെ മറ്റൊരു അഴിമതിയും രാജ്യത്ത് നടന്നിട്ടില്ലാത്തപോലെയാണ് തോന്നുന്നത്. ബിഹാറില്‍ മാത്രം ഏകദേശം 80 കുംഭകോണങ്ങളാണ് നടന്നത് പക്ഷെ സി.ബി.ഐയും ഇ.ഡിയും എന്‍.ഐ.എയും എവിടെയായിരുന്നു?തേജസ്വി ചോദിച്ചു.