ഏഴ് നൂറ്റാണ്ട് പഴക്കമുള്ള ആല്‍ മരത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ തെലങ്കാന വനംവകുപ്പു ഉദ്യോഗസ്ഥരുടെ കഠിന ശ്രമം. ഇതിനായി ഉപ്പു ചികിത്സ ലഭ്യമാക്കുകയാണ് ഇവര്‍.
ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആല്‍മരമാണ് ഇത്. തെലങ്കാനയിലെ മഹ്ബൂബ് നഗറിലാണ് ഈ മരം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മൂന്നു ഏക്കറോളം ഇത് വ്യാപിച്ചു കിടക്കുകയാണ്. ‘പിള്ളാല്‍ മാരി’ എന്നാണ് പ്രദേശികമായി ഇതിനെ വിളിക്കുന്നത്.
2017, ഡിസംബര്‍ വരെ വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു. മരത്തില്‍ ചില പൊട്ടലുകള്‍ കണ്ടതോടെയാണ് ഇവിടേക്കുള്ള വിനോദ സഞ്ചാരികളെ നിരോധിച്ചത്.
ചിതലുകളുടെ ആക്രമണമാണ് മരത്തിന്റെ വേരുകള്‍ക്ക് പൊട്ടലുണ്ടാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, വിനോദ സഞ്ചാരികള്‍ ഇതിന്റെ വേരുകളില്‍ പിടിച്ച് ഊഞ്ഞാലാടുന്നതും മരത്തിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ വിനോദ സഞ്ചാരികളെ നിരോധിച്ചത്.
ചിതലുകളെ നശിപ്പിക്കാനുള്ള ചികിത്സയിലാണ് ഇപ്പോള്‍ ഈ മരം. തുടക്കത്തില്‍ ക്ലോറോപൈരോഫോസ് മിക്ചര്‍ മരത്തിനു തളിച്ചിരുന്നു. തുടര്‍ന്ന് കീടനാശിനികളും ഉപയോഗിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നതോടെയാണ് ഉപ്പു ലായിനി ചികിത്സ നല്‍കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ വനംവകുപ്പ് ഓഫീസര്‍ ചുക്കാ ഗാംഗി റെഡ്ഡി പറഞ്ഞു.
വേരുകളിലുടെയാണ് ചിതലുകള്‍ മരത്തിലേക്ക് എത്തുന്നതെന്നും അതിനാല്‍ മരത്തിനുളളിലേക്കു തന്നെ ചികിത്സ നല്‍കണമെന്ന് ഹൈദരബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി അഭിപ്രായപ്പെട്ടിരുന്നു. ചിതലുകള്‍ വരാന്‍ കാരണം പ്രധാനമായും വിനോദ സഞ്ചാരികളാണെന്നാണ് അധികൃതര്‍ പറയുന്നത്. അവര്‍ മരത്തിനു ചുവട്ടില്‍ ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ കാരണമാണ് ആല്‍ മരത്തിന് ഈ ഗതി വന്നതെന്നും അധികൃതര്‍ ചൂണ്ടി കാണിക്കുന്നു.