ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പു നവംബർ 30നു നടക്കാനിരിക്കെ, തെലങ്കാനയിൽ പ്രചാരണ പരിപാടികൾ ആരംഭിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംയുക്തമായി ബസ് യാത്ര ആരംഭിച്ചു. ഹൈദരാബാദിൽനിന്ന് ഹെലികോപ്റ്ററിലാണ് ഇരുവരും മുലുഗു ജില്ലയിൽ എത്തിയത്. തുടർന്നു പ്രസിദ്ധമായ രാമപ്പ ക്ഷേത്രത്തിൽ പ്രാർഥന നടത്തി.
പ്രദേശത്തെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയും ജില്ലയിലെ സ്ത്രീകളുമായി ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഡൽഹിയിൽനിന്ന് സ്പെഷൽ വിമാനത്തിലാണ് ഇരുവരും ബീഗംപേട്ട് വിമാനത്താവളത്തിൽ എത്തിയതെന്നും തുടർന്നു ഹെലികോപ്റ്ററിൽ മുലുഗു ജില്ലയിൽ എത്തുകയും ചെയ്തെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, തെലങ്കാനയിൽ മുൻ പിസിസി പ്രസിഡന്റ് പാർട്ടിവിട്ടു. പിന്നാക്കക്കാർക്കു നീതി ലഭിക്കാത്ത ചുറ്റുപാടാണു പാർട്ടിയിൽ നിലനിൽക്കുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന മുൻ അധ്യക്ഷനായ പൊന്നല ലക്ഷ്മയ്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു രാജിക്കത്തു നൽകിയത്.