തെലങ്കാനയില്‍ വെട്ടിലായി ഭരണപക്ഷം, അട്ടിമറി വിജയത്തിന് പ്രതിപക്ഷ ലക്ഷ്യം

thelangana

തെലങ്കാനയില്‍ അധികാരം നിലനിര്‍ത്തുന്നതിനായി കെ.സി.ആര്‍ കടുത്ത പോരാട്ടത്തില്‍. പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റക്കെട്ടായി അണിനിരത്തി കെ.ചന്ദ്രശേഖര റാവുവിന് തടയിടാനാണ് കോണ്‍ഗ്രസ്സ് ശ്രമം.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതിക്കുള്ളത്. സംസ്ഥാനത്ത് അധികാരത്തിലെത്താമെന്ന കണക്കുക്കൂട്ടലിലാണ് ടിആര്‍എസ്. പ്രതിപക്ഷമാകട്ടെ ഇത്തവണ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസ്സും ടിഡിപിയും സിപിഐയും സഖ്യമായി മത്സരിക്കുമ്പോള്‍ സിപിഎം സഖ്യത്തിനൊപ്പമല്ല നിലകൊള്ളുന്നത്.

ബിജെപിയും ചില മണ്ഡലങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് അറിയിക്കുന്നത്. ടിആര്‍എസുമായി അസദ്ദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ധാരണയിലാണ്. ഇത് ന്യൂനപക്ഷവോട്ടുകള്‍ നേടിതരുമെന്നാണ് ടിആര്‍എസ് പ്രതീക്ഷിക്കുന്നത്. അതേസമയം മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഇക്കുറി കടുത്ത പോരാട്ടമാണ് നേരിടുന്നത്. നക്‌സല്‍ നേതാവും വിപ്ലവ ഗാനങ്ങളിലൂടെ ജനങ്ങളുടെ മനസിലിടം നേടുകയും ചെയ്ത ഗദ്ദര്‍ ചന്ദ്രശേഖര്‍ റാവുവിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
0d78d912-8647-4c31-807d-ea475f5b08dc

ടിആര്‍എസ് പാര്‍ലമെന്റില്‍ സ്വീകരിച്ച പല നിലപാടുകളും പരോക്ഷമായി ബിജെപിയെ സഹായിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ വിശാല പ്രതിപക്ഷ ഐക്യത്തിനായി നിലകൊള്ളുന്ന പല പാര്‍ട്ടികള്‍ക്കും ടിആര്‍എസിനോട് താല്‍പ്പര്യമില്ല. ഈ പാര്‍ട്ടികളൊക്കെ ടിആര്‍എസിനെ പരാജയപ്പെടുത്തുതിനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ടിആര്‍എസ് ആകട്ടെ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്.

ജഗ് മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്സും പരമാവധി ജനപിന്തുണ സമാഹകരിക്കാനുള്ള ശ്രമത്തിലാണ്. തെലുങ്ക് സിനിമാ താരം പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയും തെലങ്കാനയില്‍ പ്രവര്‍ത്തനം ശക്തമാക്കാനുളള നീക്കത്തിലാണ്. പവന്‍ കല്യാണുമായി വളരെയടുത്ത സൗഹൃദമാണ് ഗദറിനുള്ളത്. നിലവില്‍ ടിആര്‍എസ് നേതാക്കള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്.

cpi-congress

ജാതി സമവാക്യങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ നിലപാടും തുണയ്ക്കുമൊന്നാണ് ടിആര്‍എസും കോണ്‍ഗ്രസ്സും കരുതുന്നത്. ചന്ദ്രശേഖര റാവുവിനെ സംബന്ധിച്ചിടത്തോളം ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ഒരു മുന്നണി രൂപീകരിക്കുകയെന്നതാണ് ലക്ഷ്യം. പ്രധാനമന്ത്രി പദത്തിന് താന്‍ യോഗ്യനാണെന്നുള്ള വിശ്വാസം പോലും ചന്ദ്രശേഖര റാവു അണികളില്‍ ചെലുത്തുന്നു. അതുകൊണ്ട് തന്നെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഒരു അനിശ്ചിതാവസ്ഥ ഉടലെടുത്താല്‍ അതു മുതലാക്കി പ്രധാനമന്ത്രിയാകാമെന്നും അദ്ദേഹം കണക്കു കൂട്ടുന്നു.

എന്നാല്‍ അന്ധ്രാപദേശ് മുഖ്യമന്ത്രിയും തെലുങ്ക്‌ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു, ടിആര്‍എസ് നേതാവ് ചന്ദ്രശേഖരറാവുവിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് വേണ്ടി നിലകൊള്ളുന്ന ചന്ദ്രബാബു നായിഡു ചന്ദ്രശേഖര റാവുവിനെ ഒഴിവാക്കിക്കൊണ്ടുളള പ്രതിപക്ഷ ഐക്യമാണ് ലക്ഷ്യം വെക്കുന്നത്. ഈ സാഹചര്യത്തില്‍ തെലങ്കാനയില്‍ മികച്ച വിജയം നേടി പ്രതിച്ഛായ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് ചന്ദ്രശേഖര റാവു ലക്ഷ്യം വെക്കുന്ന രാഷ്ട്രീയം. ഇതിനെ കോണ്‍ഗ്രസ്സും ടിഡിപിയും ഇടതുപക്ഷവും തെലങ്കാനയില്‍ തന്നെ അദ്ദേഹത്തെ പരാജയപ്പെടുത്തി തകര്‍ക്കുവാനാണ് ശ്രമിക്കുന്നത്.


അതേസമയം, ബിജെപിയ്ക്കാകട്ടെ ടിആര്‍എസുമായുള്ള ധാരണയ്ക്ക് ആകെ തടസമായി നില്‍ക്കുന്നത് എഐഎംഐഎമ്മുമായുള്ള സഖ്യമാണ്. ഈ സഖ്യം ഉപേക്ഷിക്കുന്നതിന് ചന്ദ്രശേഖര റാവു തയ്യാറായാല്‍ അദ്ദേഹത്തെ എന്‍ഡിഎ ഘടകകക്ഷിയാക്കുന്നതിലും ബിജെപിയ്ക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ മുന്നാം മുണി പ്രധാനമന്ത്രിയാകാന്‍ ലക്ഷ്യം വെക്കുന്ന റാവുവിന് ബിജെപിയുമായി തിരഞ്ഞെടുപ്പിന് മുന്‍പുള്ള ധാരണയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്ന ഉയരുന്ന അഭിപ്രായം. അതുകൊണ്ട് തന്നെ ചന്ദ്രശേഖര റാവുവിന്റെ രാഷ്ട്രീയ പാര്‍ട്ടിക്കും പ്രതിപക്ഷ ഐക്യത്തിനും തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്

Top