തെലങ്കാനയില്‍ ന്യൂനപക്ഷം കോണ്‍ഗ്രസിനൊപ്പമാണെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍

തെലങ്കാന ; തെലങ്കാനയില്‍ ന്യൂനപക്ഷം കോണ്‍ഗ്രസിനൊപ്പമാണെന്ന് ടി.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. തിരഞ്ഞെടുപ്പു ഫലം അതിന് തെളിവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് മേഖലയിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഒവൈസിയുടെ എം.ഐ.എമ്മിനുള്ള സ്വാധീനം കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നില്ല. ജനങ്ങളുടെ ചോദ്യങ്ങളെ ധാര്‍ഷ്ട്യത്തോടെ നേരിടുന്ന മുഖ്യമന്ത്രിയാണ് തെലങ്കാനയിലേതെന്നും വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സെക്കന്‍ദരാബാദില്‍ നിന്ന് മല്‍സരിക്കുമെന്നും അസ്ഹറുദ്ദീന്‍ അറിയിച്ചു.

അതേസമയം തെലങ്കാനയില്‍ അധികാരം പിടിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബി.ജെ.പി നിര്‍ണായക പങ്ക് വഹിക്കുമെന്ന് പാര്‍ട്ടി വക്താവ് ജി.വി.എല്‍. നരസിംഹറാവു പറഞ്ഞു.

സംസ്ഥാനത്ത് ഭരണം കിട്ടുമെന്ന് പറഞ്ഞിരുന്ന ബി.ജെ.പി അധികാരത്തിലെത്താനിടയില്ലെന്ന കാര്യം അംഗീകരിക്കുന്ന പ്രസ്താവന കൂടിയായി ഇത് മാറി. ടി.ആര്‍.എസിന് ബദലായി ബി.ജെ.പി വരുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ടി.ആര്‍.എസിനെയോ അവരുടെ സഖ്യത്തെയോ ജനം വിശ്വസിക്കുന്നില്ല. അതിനാല്‍ അവര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലന്നും റാവു കൂട്ടിച്ചേര്‍ത്തു.

Top