അനധികൃത ഖനനം ചോദ്യം ചെയ്തു ; ദളിത് യുവാക്കൾക്ക് നേരെ നേതാവിന്റെ അതിക്രമം

ഹൈദരാബാദ്: അനധികൃത ഖനനത്തെക്കുറിച്ച് ചോദ്യം ചെയ്തതിന് ദളിത് യുവാക്കൾക്ക് നേരെ ബിജെപി നേതാവിന്റെ അതിക്രമം.

യുവാക്കളെ ബിജെപി നേതാവ് ചെളിവെള്ളത്തില്‍ മുക്കുകയും . വടി കൊണ്ട് അടിക്കുകയും ചെയ്തു.

നേതാവ് ദളിത് യുവാക്കളെ വടി കൊണ്ട് അടിക്കാനോങ്ങുന്നതിന്റെയും ചെളിവെള്ളത്തില്‍ മുങ്ങാന്‍ ആജ്ഞാപിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി.

തെലങ്കാനയില്‍ വന്‍ പ്രതിഷേധമാണ് ഇതിനെ തുടർന്ന് ഉണ്ടായത്. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ അഭംഗപട്ടണം ഗ്രാമത്തിലാണ് സംഭവം.

ഭാരതി റെഡ്ഡി എന്ന പ്രാദേശിക നേതാവാണ് രണ്ട് യുവാക്കളെ ഉപദ്രവിച്ചത്.റെഡ്ഡി ഭീഷണിമുഴക്കി ചെളിവെള്ളത്തിലിറക്കുകയായിരുന്നു. തുടർന്ന് വൃത്തിഹീനമായ വെള്ളത്തിൽ മുങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

തങ്ങളുടെ വസ്ത്രവും ഫോണും വെള്ളത്തില്‍ മുങ്ങുമെന്ന് യുവാക്കള്‍ അഭ്യര്‍ഥിച്ചിട്ടും വെള്ളത്തിലിറങ്ങി മുങ്ങാന്‍ ഭാരതി റെഡ്ഡി നിര്‍ദേശിക്കുകയായിരുന്നു.

ഖനനം നടത്താന്‍ താങ്കള്‍ക്ക് അധികാരമില്ലെന്നും ചെയ്യുന്നത് തെറ്റാണെന്നും മുട്ടോളം വെള്ളത്തില്‍ മുങ്ങിയ ഒരു യുവാവ് പറയുന്നതും ദൃശ്യങ്ങളില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാം.

യുവാക്കളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് വീഡിയോയിലുള്ള സംഭവം നടന്നതെന്ന് നാവിപേട്ട് സ്റ്റേഷന്‍ പരിധിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

യുവാക്കളുടെ പരാതി തങ്ങള്‍ക്കിതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നിലവില്‍ ദളിത് നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്.

അതേസമയം വീഡിയോയില്‍ കാണുന്നയാള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് തെലങ്കാന ബിജെപി ഘടകം വ്യക്തമാക്കി.

Top