ഹൈദരാബാദ്: പ്രേഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതിക്കെതിരെ ഭീഷണിയുമായി തെലങ്കാന ബിജെപി എംഎല്‍എ ടി.രാജാ സിങ്.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്ന് എംഎല്‍എ ഭീഷണി മുഴക്കുകയായിരുന്നു.
ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നീ സൂപ്പര്‍താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
ചിത്രത്തില്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് എംഎല്‍എ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
രജപുത്ര വിഭാഗക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് രാജാ സിങ് ഭീക്ഷണി മുഴക്കിയത്.
ഭീഷണി മുഴക്കിയതിനൊപ്പം ചിത്രം തടയാനും എംഎല്‍എ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിഷേധത്തിനും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും, പ്രശ്‌നങ്ങളുണ്ടാക്കിയതിന് ആരെങ്കിലും അറസ്റ്റ് ചെയ്യുകയോ ബുദ്ധിമുട്ട് ഉണ്ടാകുകയോ ചെയ്താല്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്നും അദ്ദേഹം അണികളോട് പറഞ്ഞു.