ഹൈദരാബാദ്: കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വർധിപ്പിച്ച പാചകവാതക വില വേണ്ടെന്ന് വെക്കാൻ തെലങ്കാന സർക്കാറിന്റെ ആലോചന. വില വർധനവ് ഒഴിവാക്കാനുള്ള നിർണായക തീരുമാനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പരിഗണനയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് ഒന്നിനാണ് ഗാർഹിക എൽപിജി സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350 രൂപയും ഒറ്റയടിക്ക് വർധിപ്പിച്ചത്. വിലവർധനവ് സംബന്ധിച്ച് ചന്ദ്രശേഖര റാവു ധനകാര്യ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തു. 2008ൽ മുഖ്യമന്ത്രിയായിരുന്ന രാജശേഖർ റെഡ്ഡിയും വില വർധനവ് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് തീരുമാനിച്ചിരുന്നു. യുപിഎ സർക്കാർ അന്ന് 50 രൂപയാണ് വർധിപ്പിച്ചത്. അന്ന് സർക്കാർ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് പണം തിരികെ നൽകിയാണ് വില വർധനവിന്റെ ഭാരം ജനങ്ങളിൽ നിന്നൊഴിവാക്കിയത്. ഈ തീരുമാനം 2009ലെ തെരഞ്ഞെടുപ്പിൽ രാജശേഖരയെ റെഡ്ഡിയെ തുണച്ചു.