ഇടതുപക്ഷവും ഫെഡറല്‍ ഫ്രണ്ടിലേക്ക് ? കെസിആര്‍, പിണറായിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ 18 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച നടന്നത്.

തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായുള്ള ഫെഡറല്‍ മുന്നണി രൂപീകരണ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കെസിആര്‍ പിണറായിയുമായി ചര്‍ച്ച നടത്തിയത്.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിങ്കളാഴ്ച വൈകുന്നേരമാണ് ചന്ദ്രശേഖര്‍ റാവു തിരുവനന്തപുരത്തെത്തിയത്. ഉച്ചക്ക് ശ്രീപത്മനാഭാസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ തെലങ്കാന മുഖ്യമന്ത്രി വൈകിട്ട് ആറരയോടെയാണ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ ക്ലിഫ് ഹൌസിലെത്തിയത്. ടി.ആര്‍.എസ്. എം.പിമാരായ സന്തോഷ്കുമാര്‍, വിനോദ്കുമാര്‍ എന്നിവരും ചന്ദ്രശേഖര റാവുവിന് ഒപ്പമുണ്ടായിരുന്നു.

ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയക്ക് ശേഷം പുറത്തിറങ്ങിയ കെസിആര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മെയ് 13ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായും ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തുന്നുണ്ട്. എസ്‍പി നേതാവ് അഖിലേഷ് യാദവുമായും ബിഎസ്‍പി അധ്യക്ഷ മായാവതിയുമായും പിന്നീട് ചര്‍ച്ച നടത്തിയേക്കും.

Top