ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണോ എന്നതില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ തീരുമാനം വ്യാഴാഴ്ച. നിര്‍ണായകമായ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും.
രണ്ടു സാധ്യതകളാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്. മന്ത്രിസഭാ യോഗത്തില്‍ നിയമസഭ പിരിച്ചുവിടുക, അല്ലെങ്കില്‍ നിയമസഭ വിളിച്ചുകൂട്ടി പിരിച്ചുവിടുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുക.
രണ്ടാമത്തെ സാധ്യതയ്ക്കു കൂടുതല്‍ കാലതാമസമുണ്ടാകും. സെപ്റ്റംബര്‍ 22-നു മുമ്പ് സഭ പിരിച്ചുവിട്ടാല്‍ മാത്രമേ ഡിസംബറില്‍ സംസ്ഥാനത്തു തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ.
അതേസമയം, മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി എന്തു തീരുമാനമെടുക്കും എന്നതു സംബന്ധിച്ച് മന്ത്രിസഭയിലെ അംഗങ്ങള്‍ക്കുപോലും വ്യക്തതയില്ല. പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് ഉറപ്പുള്ള തീരുമാനമേ സ്വീകരിക്കാവൂ എന്ന മുതിര്‍ന്ന മന്ത്രിമാര്‍ മുഖ്യമന്ത്രിക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.