ഹൈദരാബാദ്: തെലങ്കാന പൊലീസ് ഡയറക്ടര്‍ ജനറലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വേളയില്‍ വിജയിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ സന്ദര്‍ശിച്ച് പൂച്ചെണ്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി. അഞ്ജനി കുമാര്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍.
സംസ്ഥാന പൊലീസ് മേധാവി അഞ്ജനി കുമാറും പൊലീസ് നോഡല്‍ ഓഫീസറുമായ സഞ്ജയ് ജെയ്നും തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥിയായ അനുമുല രേവന്ത് റെഡ്ഡിയെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് കണ്ടിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ റെഡ്ഡിയെ പുഷ്പ ബൊക്കെ നല്‍കി അഭിവാദ്യം ചെയ്യുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിടുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെലങ്കാന ഡിജിപിയെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് തെലങ്കാന ചീഫ് സെക്രട്ടറി എ ശാന്തികുമാരിക്ക് കമ്മീഷന്‍ കത്തയച്ചു. സംഭവത്തില്‍ അഞ്ജനി കുമാറിനോടും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരോടും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ഥികളില്‍ ഒരാളെ ഡിജിപി കണ്ടത് പ്രത്യേക താല്‍പര്യം നേടാനുള്ള ദുരുദ്ദേശ്യത്തിന്റെ സൂചനയാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.