തെലങ്കാന നൽകിയത് രാജ്യത്തിനാകെ ഒരു സന്ദേശമാണ്, അക്രമികൾ പേടിക്കും

തെലങ്കാന പൊലീസിന് ഒരു വലിയ സല്യൂട്ട്. തിരക്കഥ തയ്യാറാക്കി നടത്തിയതായാലും അത് സമൂഹത്തിന് പ്രയോജനപ്പെടുന്ന മുന്നറിയിപ്പാണെങ്കില്‍ അഭിനന്ദിക്കുക തന്നെ വേണം.

വിനതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്ന കേസിലെ നാല് പ്രതികള്‍ക്കാണ് സംഭവസ്ഥലത്ത് വച്ച് തന്നെ ശിക്ഷ വിധിച്ചിരിക്കുന്നത്. വെടിവച്ച് കൊന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. അരിയാഹാരം കഴിക്കുന്നവര്‍ക്ക് അങ്ങനെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ.

shoot died

shoot died

തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നു എന്നുമാണ് ഔദ്യോഗിക ഭാഷ്യം.

ഇക്കാര്യത്തില്‍ ഒരു പോസ്റ്റ് മോര്‍ട്ടം നടത്തി പരിശോധന നടത്താന്‍ എന്തായാലും ഞങ്ങളില്ല. അനിവാര്യമായ ശിക്ഷയാണ് നടപ്പായതെന്ന് വിശ്വസിക്കാനാണ് ഇക്കാര്യത്തില്‍ താല്‍പ്പര്യം.

കാരണം അത്രയ്ക്കും കൊടും ക്രൂരതയാണ് വനിതാ ഡോക്ടറോട് പ്രതികള്‍ ചെയ്തത്. കാമവെറി തീര്‍ത്ത് കഴിഞ്ഞും അരിശം തീരാതെ കത്തിച്ച് കൊന്നവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല.

മരണം ഇത്രയേറെ ജനങ്ങള്‍ക്ക് സന്തോഷപ്രദമാകുന്നത് ഇതാദ്യമാണ്. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ കയ്യടി ലഭിച്ചുകൊണ്ടിരിക്കുന്നത് ഐപിഎസ് ഓഫീസറായ സജ്ജനാറിനാണ്. സിറ്റി പൊലീസ് കമ്മീഷണറായ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍ കാല ചരിത്രവും കടുപ്പം നിറഞ്ഞതാണ്. എസ്പിയായ കാലം മുതല്‍ ദ്രോഹികളോട് ഒരിക്കല്‍ പോലും സജ്ജനാര്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഈ കാര്‍ക്കശത്തിന് മുന്നിലാണിപ്പോള്‍ തെലങ്കാന പീഡനക്കേസിലെ പ്രതികളും പിടഞ്ഞ് വീണിരിക്കുന്നത്.

ഈ ക്രിമിനലുകളെയൊക്കെ വിചാരണ ചെയ്യാന്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ സമയവും, ആജീവനാന്തം മട്ടനും, ചിക്കനും കൊടുത്ത് പോറ്റാനുള്ള ചെലവുകളും വഹിക്കുന്നത് ഇവിടുത്തെ പാവം പൊതുജനമാണ്… ആ പതിവ് ഇനിയും തുടരേണ്ടതുണ്ടോ എന്ന ചോദ്യവും പുതിയ സാഹചര്യത്തില്‍ പ്രസക്തമാണ്.

ഇത്തരം ക്രിമിനലുകളുടെ മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിച്ച് ഇനിയാരും രംഗത്ത് വരാതിരിക്കുന്നതാണ് നല്ലത്. മനുഷ്യാവകാശം മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ് അല്ലാതെ പിശാചുകള്‍ക്കല്ല.

ഡോക്ടറെ കൊന്നവരുടെ ശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വരെ അരങ്ങേറിയത് ശക്തമായ പ്രതിഷേധമാണ്. തെലങ്കാനയെ മാത്രമല്ല രാജ്യത്തെ മൊത്തത്തില്‍ കണ്ണീരണിയിച്ച സംഭവമായിരുന്നു ഈ കൊലപാതകം.

നവംബര്‍ 27ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് കത്തിക്കുകയാണുണ്ടായത്.

ഈ സംഭവത്തില്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരാണ് അറസ്റ്റിലായിരുന്നത്.

ആരിഫും ശിവയുമാണ് ലോറിയില്‍ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാന്‍ വൈകിയതു കൊണ്ട് അവര്‍ ടോള്‍ പ്ലാസയില്‍ കാത്തുനില്‍ക്കുമ്പോള്‍ സുഹൃത്തുക്കളായ മറ്റു പ്രതികള്‍ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണ് 4 പേരും ചേര്‍ന്ന് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിടുകയായിരുന്നു.

രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പ്രതികള്‍ ഡോക്ടറെ സമീപത്തുള്ള വളപ്പിലേക്കു കൊണ്ടുപോയി വായില്‍ മദ്യം ഒഴിച്ചുകൊടുത്ത ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഡോക്ടര്‍ അലറിക്കരഞ്ഞതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. വാഹനത്തിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.

rape

rape

ഷാദ്‌നഗറിലെ വീട്ടില്‍ നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ഡോക്ടര്‍ ആക്രമണത്തിന് ഇരയായത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംഷാബാദിലെ ടോള്‍ ബൂത്തിന് 30 കി.മി അകലെ രംഗറെഡ്ഡി ജില്ലയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഗണപതിയുടെ ലോക്കറ്റാണ് യുവതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. പ്രതികളെയെല്ലാം വെടിവെച്ച് കൊന്നതോടെ പൊലീസിനെതിരെ ഉയര്‍ന്ന പ്രതിഷേധമെല്ലാം അഭിനന്ദനമായി ഇപ്പോള്‍ മാറിയിട്ടുണ്ട്.

ഡല്‍ഹി കൂട്ടബലാസംഗ കേസിലെ പ്രതികളെ തൂക്കി കൊല്ലാന്‍ ആരാച്ചാരെ കിട്ടാതെ വിഷമിക്കുന്ന ഈ ഘട്ടത്തില്‍ തെലങ്കാന പൊലീസ് നല്‍കിയിരിക്കുന്നത് ‘വ്യക്തമായ’ സന്ദേശം തന്നെയാണ്.

പൊലീസിനും സര്‍ക്കാറിനും നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാക്കാനും ഇതുവഴി കാക്കിപ്പടയ്ക്ക് കഴിഞ്ഞു.
ഡല്‍ഹി നിര്‍ഭയ കേസിന് ശേഷവും രാജ്യത്ത് സ്ത്രീ പീഢനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പൈശാചികമായ രീതിയില്‍ നടന്ന ആ കൊലപാതക കേസിലും നാല് യുവാക്കള്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചിരുന്നത്. സുപ്രീം കോടതി ശരിവച്ച ഈ ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍ ഇല്ലന്ന വാര്‍ത്ത പ്രചരിക്കുമ്പോഴാണ് പുതിയ ‘സാധ്യത’ തെലങ്കാനയില്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്.

മരണത്തില്‍ കുറയാത്ത ശിക്ഷ പ്രതികള്‍ക്ക് കിട്ടിയാല്‍ മാത്രമേ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുകയൊള്ളൂ. ശിക്ഷ നീളുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനാണ് ഇടവരുത്തുക. തെലങ്കാന പീഡനം സൂചിപ്പിക്കുന്നതും അതു തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു നിയമ നിര്‍മ്മാണം തന്നെ അനിവാര്യമാണ്.

തെലങ്കാന കേസിലെ പ്രതികള്‍ വെടിയേറ്റ് മരിച്ച സംഭവം ക്രിമിനലുകള്‍ക്ക് പേടി സ്വപ്നമായി മാറണം. ഒരു സ്ത്രീയുടെ നേരെയും ഇത്തരക്കാരുടെ കൈകള്‍ ഇനി നീളാന്‍ പാടില്ല.

തെലങ്കാനക്ക് പിന്നാലെ രണ്ട് യുവതികള്‍ കൂടി സമാനമായ രീതിയില്‍ രാജ്യത്ത് ഇപ്പോള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബംഗാളിലെ മാല്‍ഡ ജില്ലയില്‍ മാമ്പഴത്തോട്ടത്തില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചതാണെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

മറ്റൊരു സംഭവം നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ലൈംഗിക പീഢന പരാതി ഉന്നയിച്ച യുവതിയാണ് ഇവിടെ വീണ്ടും ആക്രമിക്കപ്പെട്ടത്.തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ 23 കാരി ജീവനു വേണ്ടി പിടയുന്ന സാഹചര്യമാണുള്ളത്.

പീഢന കേസിലെ പ്രതികളടക്കം 5 പേര്‍ ചേര്‍ന്നാണ് യുവതിയെ പിടിച്ച് കൊണ്ടു പോയി തീ കൊളുത്തിയിരിക്കുന്നത്.

തീഗോളമായി പ്രാണരക്ഷാര്‍ത്ഥം ഓടിയ ഈ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചിരുന്നത്.

ജനുവരിയില്‍ ഈ യുവതി നല്‍കിയ പീഢന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് തന്നെ മാര്‍ച്ചിലായിരുന്നു. തട്ടികൊണ്ടു പോയി പീഢിപ്പിച്ച ശേഷം ദൃശ്യം മൊബൈലില്‍ പകര്‍ത്തിയെന്നതായിരുന്നു പരാതി. പിന്നീട് പ്രതികള്‍ അറസ്റ്റിലായെങ്കിലും നവംബര്‍ 25 ന് അവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഇരയെ തന്നെ ഇല്ലാതാക്കാനാണ് പ്രതികള്‍ ശ്രമിച്ചിരിക്കുന്നത്. നേരത്തെ എം.എല്‍.എ ഉള്‍പ്പെട്ടെ ലൈംഗിക പീഢന പരാതി ഉയര്‍ന്നതും ഉന്നാവില്‍ നിന്നായിരുന്നു. ഈ കേസിലെ ഇരയെ വാഹനമിടിച്ച് കൊലപ്പെടുത്താനും നീക്കമുണ്ടായി. അപകടത്തില്‍ പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പിന്നിട് ഈ പെണ്‍കുട്ടിക്ക് വിദഗ്ദ ചികിത്സ ഏര്‍പ്പെടുത്തിയിരുന്നത്. കനത്ത സുരക്ഷ പെണ്‍കുട്ടിക്കും കുടുംബത്തിനും നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

ഈ സംഭവങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ തെലങ്കാന പൊലീസ് ഇപ്പോള്‍ സ്വീകരിച്ച നടപടിയെ കുറ്റം പറയാന്‍ കഴിയില്ല.

സ്ത്രീകള്‍ക്ക് മേല്‍ കൈ വയ്ക്കും മുന്‍പ് അക്രമകാരികള്‍ ഇനി പത്ത് വട്ടമെങ്കിലും ആലോചിക്കും.

അപ്രതീക്ഷിതമായ കടന്നാക്രമണങ്ങള്‍ക്ക് അപ്രതീക്ഷിതമായ ഒരു തിരിച്ചടി… കാലം ആവശ്യപ്പെടുന്നതും തെലങ്കാന പൊലീസ് നടപ്പാക്കിയതും അതു തന്നെയാണ്.

എല്ലാം നിയമത്തിന്റെ കണ്ണിലൂടെ തലനാരിഴ പരിശോധിച്ച് മൂന്നാട്ട് പോയാല്‍ ആക്രമികള്‍ക്കാണ് അത് വളമാകുക. അത്തരമൊരു സാഹചര്യം എന്തായാലും ഉണ്ടായിക്കൂടാ.

ഒരു പെണ്ണിന്റെയും കണ്ണീര്‍ ഈ ഭൂമിയില്‍ വീഴാന്‍ പാടില്ല. അതിന് യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. ശിക്ഷ വിധിക്കുന്നതില്‍ മാത്രമല്ല, നടപ്പാക്കുന്നതിലും ഒരിക്കലും കാലതാമസം പാടില്ല. ഇക്കാര്യത്തില്‍ പൊലീസ് മാത്രമല്ല, സര്‍ക്കാറും ജുഡീഷ്യറിയും ശക്തമായ ഇടപെടല്‍ നടത്താന്‍ തയ്യാറാകണം. രാജ്യം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

Express View

Top