ടെലികോം വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി ടെലികോം റെഗുലേറ്റര്‍ ട്രായ് വ്യക്തമാക്കി.
ഒക്ടോബറിലെ കണക്കനുസരിച്ച് 1.75 കോടി മൊബൈല്‍ ഉപഭോക്താക്കളെ നഷ്ടമായതായും, വരിക്കാരുടെ എണ്ണം 120.1 കോടിയായതായും ട്രായ് പറയുന്നു.
ടെലികോം വരിക്കാരുടെ എണ്ണം സെപ്റ്റംബറില്‍ 1,206.71 മില്യണ്‍ ആയിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഇത് 1,201.72 മില്യണായി കുറഞ്ഞെന്നാണ് ട്രായുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ടെലികോം മേഖലയിലെ പ്രമുഖരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, ബിഎസ്എന്‍എല്‍ എന്നിവ സംയുക്തമായി 1.26 കോടി പുതിയ ഉപഭോക്താക്കളെയാണ് ഒക്ടോബറില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതെന്നും കണക്കുകള്‍ പറയുന്നു.
നഗരപ്രദേശങ്ങളിലെ കണക്ഷനുകളുടെ എണ്ണം ഒക്‌റ്റോബറില്‍ 69.75 കോടിയായി കുറഞ്ഞു. സെപ്റ്റംബറില്‍ ഇത് 70.48 കോടിയായിരുന്നു.
എന്നാല്‍ ഇതേ കാലയളവില്‍ ഗ്രാമ പ്രദേശങ്ങളിലെ വരിക്കാരുടെ എണ്ണം 50.18 കോടിയില്‍ നിന്ന് 50.41 കോടിയായി ഉയര്‍ന്നിട്ടുണ്ട്.