വാട്‌സാപ്പ് ചാറ്റുകൾ ഇനി മൈഗ്രേഷന്‍ ടൂൾ വഴി ടെലഗ്രാമിലേക്ക് കൊണ്ടുവരാം

പയോക്താക്കള്‍ക്ക് ഇനി മുതൽ വാട്‌സാപ്പ് പോലുള്ള മെസേജിങ് ആപ്പുകളില്‍ നിന്നും ചാറ്റുകള്‍ ടെലഗ്രാമിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഇതിനായി മൈഗ്രേഷന്‍ ടൂൾ ഉൾപ്പെടുത്തിയിരിക്കുകയാണ് ടെലിഗ്രാം. ആന്‍ഡ്രോയിഡിലേക്കുള്ള ടെലഗ്രാമിന്റെ 7.4 അപ്‌ഡേറ്റിലാണ് മൈഗ്രേഷന്‍ ടൂള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐഓഎസിലെ ടെലഗ്രാം 7.4 അപ്‌ഡേറ്റില്‍ ഈ സംവിധാനം നല്‍കിയിരുന്നുവെങ്കിലും തൊട്ടുപിന്നാലെ വന്ന 7.4.1 അപ്‌ഡേറ്റില്‍ മൈഗ്രേഷന്‍ ടൂള്‍ ഒഴിവാക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ ആശങ്കയുള്ളയാളുകള്‍ വ്യാപകമായി ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകളിലേക്ക് മാറി കൊണ്ടിരിക്കെയാണ് ടെലെഗ്രാമിന്റെ ഈ പുതിയ അപ്ഡേഷൻ.

വാട്‌സാപ്പിലെ ഒരു ചാറ്റ് ടെലഗ്രാമിലേക്ക് കൊണ്ടുവരാനായി ആദ്യം ടെലഗ്രാം ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. തുടര്‍ന്ന് ടെലഗ്രാമിലേക്ക് കൊണ്ടുവരേണ്ട ചാറ്റ് വാട്‌സാപ്പിൽ തുറന്നു വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനുവിലെ More ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതില്‍ Export Chat ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ഓപ്ഷനുകളില്‍ ടെലഗ്രാം തിരഞ്ഞെടുക്കണം. അപ്പോള്‍ ടെലഗ്രാം ചാറ്റ് ലിസ്റ്റ് തുറന്നുവരും.

വാട്‌സാപ്പ് ചാറ്റ് ആരുടെ ചാറ്റിലേക്കാണ് ഇംപോര്‍ട്ട് ചെയ്യേണ്ടത് എന്ന് അതില്‍ ക്ലിക്ക് ചെയ്യുക. ചാറ്റ് ലിസ്റ്റിൽ കാണുന്നില്ലെങ്കിൽ മുകളിലെ സെർച്ച് ബോക്സിൽ അയാളുടെ പേര് തിരഞ്ഞു ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിന്‍ഡോയിലെ Import എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താൽ ടെലഗ്രാമിലേക്ക് ചാറ്റ് എത്തും.

Top