തെലങ്കാനയിൽ വിടരുന്ന താമര സ്വപ്നം, തൂക്ക് സഭ മുന്നിൽ കണ്ട് ബി.ജെ.പി. . .

തെലങ്കാനയില്‍ ബി.ജെ.പിയുടേത് തന്ത്രപരമായ നീക്കം. തെലങ്കാന ഭരണം പിടിക്കുമെന്ന അവകാശവാദമെന്നും ബി.ജെ.പിക്കില്ലെങ്കിലും കാര്യങ്ങള്‍ തൂക്കുമന്ത്രിസഭയില്‍ എത്തുമെന്ന കണക്കു കൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.

ആര്‍ക്കും ഭൂരിപക്ഷമുണ്ടാകാത്ത പക്ഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെടാന്‍ കഴിയുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ട്. ഭരണപക്ഷമായ ടി.ആര്‍.എസിനെ പ്രചരണ രംഗത്ത് ശക്തമായി ബി.ജെ.പി എതിര്‍ക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഉള്‍പ്പെടെയുള്ള നേതാക്കളുമായി ബന്ധം നിലനിര്‍ത്തി കൊണ്ടുപോകാന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനു കഴിയുന്നുണ്ട്.

ടി.ആര്‍.എസിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഇപ്പോള്‍ വലിയ വെല്ലുവിളിയില്‍ എത്തിയിരിക്കുന്നതിനാല്‍ ബി.ജെ.പിക്ക് കുറച്ച് സീറ്റുകള്‍ ലഭിച്ചാല്‍ പോലും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ്. ഒരിക്കലും കോണ്‍ഗ്രസ്സ് – ടി.ഡി.പി സഖ്യത്തിന് ബി.ജെ.പി പിന്തുണ നല്‍കില്ല എന്ന് ഉറപ്പുള്ളതിനാല്‍ ഏത് വിധേയനേയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.

119 നിയമസഭാ സീറ്റുകളിലേക്കാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ശക്തമായ ഇടപെടലാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

ടി.ആര്‍.എസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഒടുവില്‍ ബി.ജെ.പിയുമായി അവര്‍ക്ക് സഹകരിക്കേണ്ടി വരുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.

ടി.ആര്‍.എസ്, എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കിയതില്‍ മാത്രമാണ് ബി.ജെ.പിക്ക് അതൃപ്തിയുള്ളത്. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി ടി.ആര്‍.എസിനു വേണ്ടി പ്രചരണ രംഗത്തിറങ്ങിയതാണ് കാവി പടയെ ഏറെ പ്രകോപിപ്പിച്ചത്.

അതേസമയം, കോണ്‍ഗ്രസ്സ് ആകട്ടെ ടി.ആര്‍.എസ് ബി.ജെ.പിയുടെ ബി.ടീമാണെന്ന തരത്തിലാണ് സംസ്ഥാനത്ത് പ്രചരണം നടത്തി കൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടങ്ങളില്‍ ടി.ആര്‍.എസ് എം.എല്‍.എമാര്‍ പിന്തുണച്ച് രംഗത്തു വന്നത് ചൂണ്ടിക്കാട്ടിയാണ് ഈ പ്രചരണം.

ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും ദേശീയ നേതാക്കള്‍ തെലങ്കാനയില്‍ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കി വരുന്നത്. തെലങ്കാന ഭരണം പിടിക്കുക എന്നത് പോലെ തന്നെ രാഹുല്‍ ഗാന്ധിക്ക് പ്രധാനമാണ് ഇവിടെ നിന്നുള്ള എം.പിമാരുടെ പാര്‍ലമെന്റിലെ പിന്തുണ. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ വരെ ഇറക്കിയാണ് തന്ത്രങ്ങള്‍ പയറ്റുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ വലിയ അട്ടിമറി മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസ്സിനു കഴിയുമെന്നാണ് പാര്‍ട്ടി ഹൈക്കമാന്റിന്റെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ ഈ വിജയം ലോകസഭ തിരഞ്ഞെടുപ്പില്‍ മുതല്‍കൂട്ടാവുമെന്ന് നേതൃത്വം കരുതുന്നു.

ഇത്തവണ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് അതിനുള്ള അവസരം കിട്ടിയെന്ന് വരില്ലെന്നാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Top