സമാന്തര ടെലിഫോണ്‍ എക്‌സ്‌ചെഞ്ച്; പിന്നില്‍ ഹവാല ഇടപാടെന്ന് സംശയം

കൊച്ചി:നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ച് വന്ന സാമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയം. ഏതെങ്കിലും രീതിയിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. അറസ്റ്റ് രേഖപ്പെടുത്തിയ തൃക്കാക്കര സ്വദേശി നജീബിനെ ചോദ്യം ചെയ്തു വരുകയാണെന്നും പൊലീസ് അറിയിച്ചു.

അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന സമാന്തര എക്‌സ്‌ചേഞ്ച് നഗരത്തില്‍ കണ്ടെത്തിയ സംഭവം പൊലീസ് പ്രാധാന്യത്തോടെയാണ് അന്വേഷിക്കുന്നത്. അറസ്റ്റിലായ നജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നത്. നിയമ വിരുദ്ധമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് നജീബിന് അറിയാമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

എക്‌സ്‌ചേഞ്ച് നടത്തുന്നതിനായി വണ്ണപ്പുറം കാളിയാര്‍ സ്വദേശി കുഴിമണ്ഡപത്തില്‍ മുഹമ്മദ് റസല്‍ മുറി വാടകക്ക് എടുക്കുകയായിരുന്നു. ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തൃക്കാക്കരക്കൊപ്പം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത് റസല്‍ തന്നെയാണ്. സെപ്റ്റംബര്‍ മുതല്‍ തൃക്കാക്കരിയില്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നതായി ടെലികോം വകുപ്പാണ് കണ്ടെത്തിയത്.

 

Top